മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദം അന്വേഷിച്ച ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ, സെക്രട്ടേറിയറ്റില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിനു താഴെയാണു സാധാരണ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കുക. എന്നാല്‍, ഇന്നു രാവിലെ മാധ്യമങ്ങള്‍ എത്തിയപ്പോഴാണ് സുരക്ഷാ ജീവനക്കാര്‍ ഗെയ്റ്റില്‍വച്ച് തടഞ്ഞത്.
മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നുഴഞ്ഞുകയറി, മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ സാധ്യതയെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതെന്നാണ് അറിഞ്ഞിട്ടുള്ളത്. ചോദ്യങ്ങളുമായി മുഖ്യമന്ത്രിയെ സമീപിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ തിക്കിത്തിരക്കുന്നതു നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് ചാനലുകാരുടെ മൈക്ക് മുഖ്യമന്ത്രിയുടെ മുഖത്ത് തട്ടുകയും അദ്ദേഹം പിന്നീട് പ്രകോപിതനായി സംസാരിക്കുകയും ചെയ്തു.
ഇതിനിടെയാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് എത്തുന്നത്. ചാനല്‍ ക്യാമറ, സ്റ്റാന്‍ഡ്, മൈക്ക് എന്നിവയെല്ലാം ആയുധങ്ങളായി ഉപയോഗിക്കാന്‍ കഴിയും. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയെത്തുന്നവരുടെ ബാഗുകളിലും ആയുധങ്ങളോ സ്‌ഫോടകവസ്തുക്കളോ ഒളിപ്പിക്കാം. അതുകൊണ്ടുതന്നെ ചോദ്യങ്ങളുമായി മുഖ്യമന്ത്രിയെ സമീപിക്കുന്ന മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കണം. ഇതൊക്കെയാണ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്ന പ്രധാന കാര്യങ്ങള്‍.