ഉത്രവധക്കേസില്‍ വിധി വരാനിരിക്കെ രാജസ്ഥാനില്‍ നടന്ന സമാനമായ കേസിനെക്കുറിച്ച് സുപ്രിം കോടതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
അമ്മായിഅമ്മയെ മരുമകള്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ ജാമ്യം നിഷേധിച്ചതിനോടൊപ്പമാണ് സുപ്രീകോടതി നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയില്‍ പാമ്പു കടിയേറ്റ് മരിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ പാമ്പിനെ ആയുധമാക്കുന്നത് ഹീനകൃത്യമാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ പ്രസ്താവന. 2019 ജൂണ്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം.
രാജസ്ഥാനിലെ ജുന്‍ജുഹുനു ജില്ലയിലാണ് മരുമകള്‍ അല്‍പന അമ്മായിഅമ്മയായ സുബോദ് ദേവിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്.
അല്‍പനയുടെ ഭര്‍ത്താവ് സച്ചിന്‍ സൈനികനാണ്. ഭര്‍ത്യവീട്ടില്‍ കഴിഞ്ഞിരുന്ന അല്‍പന അവിടെവച്ച് മനീഷ് എന്ന യുവാവുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇത് സുബോദ് ദേവി കണ്ടെത്തിയതിനെതുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൃഷ്ണകുമാറെന്ന സുഹൃത്തുവഴിയാണ് അല്‍പന പാമ്പാട്ടിയുടെ പക്കല്‍ നിന്നും പാമ്പിനെ വാങ്ങുന്നത്. അതിനുശേഷം സുബോദ് ദേവിയുടെ കിടക്കയില്‍ പാമ്പിനെ ഇടുകയായിരുന്നു.
പാമ്പുകടിയേറ്റ് മരിച്ചുകിടക്കുന്ന സുബോദ് ദേവിയെയാണ് വീട്ടുകാര്‍ പിറ്റേദിവസം കാണുന്നത്. രാജസ്ഥാനില്‍ പാമ്പുകടിയേറ്റ മരണം സ്വാഭാവികമായതിനാണ് ആരും സംശയിച്ചില്ല.
എന്നാല്‍ അല്‍പനയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെത്തുടര്‍ന്ന് സച്ചിന്റെ സഹോദരി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൃത്യം തെളിഞ്ഞത്.
പാമ്പിനെക്കൊണ്ട് കൊലപാതകം നടത്തിയതിന് തെളിവില്ലെന്ന് കൃഷ്ണകുമാറിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല.
കൃത്യം നടന്ന ദിവസം അല്‍പന കാമുകന്‍ മനീഷുമായി 124 തവണയും കൃഷ്ണകുമാറുമായി 19 തവണയും ഫോണില്‍ സംസാരിച്ചതിന്റെ തെളിവുകള്‍ പുറത്തു വന്നതോടെയാ ഇവരുടെ ഗൂഢാലോചന വ്യക്തമായി. ജനുവരി നാലിന് മൂവരെയും അറസ്റ്റ് ചെയ്തിരുന്നു.
കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിന്റെ വിധി ഇന്നാണ്. ഈ പശ്ചാതലത്തില്‍ ഏതാനും ദിവസം മുന്‍പ് സുപ്രീംകോടതി നടത്തിയ ഈ പ്രസ്താവന സമകാലീന ഇന്ത്യയില്‍ നിര്‍ണായകമാണ്.
അഞ്ചല്‍ സ്വദേശിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ആറാം അഡിഷനല്‍ സെഷന്‍സ് ജഡ്ജ് എം മനോജ് മുന്‍പാകെയാണ് കേസിന്റെ വിചാരണ നടന്നത്.
അഞ്ചല്‍ ഏറം വിഷു (വെള്ളശ്ശേരില്‍) വിജയസേനന്റെ മകള്‍ ഉത്ര (25) യ്ക്ക് 2020 മേയ് ആറിന് രാത്രിയാണ് പാമ്പു കടിയേറ്റത്. ഏഴിനു പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.