കോട്ടയം: വാഹന പരിശോധന കർശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പിന്റെ അത്യാധുനിക സൗകര്യങ്ങളുള്ള ഇന്റർ സെപ്റ്റർ വാഹനം റോഡുകളിൽ സജീവമായി. മുന്പ് പരിശോധനയ്ക്കു ഉപയോഗിച്ചിരുന്ന ഇന്റർ സെപ്റ്റർ വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ഉപകരണത്തെക്കാൾ തീവ്രത കൂടിയ ഉപകരണങ്ങളാണു പുതിയ വാഹനത്തിലുള്ളത്.
വഴിയിൽ തടഞ്ഞു നിർത്തി വാഹനങ്ങൾ പരിശോധിക്കുന്നതിനു പകരമായി കാമറ നീരീക്ഷണത്തിലൂടെ വാഹനപരിശോധന നടത്തുന്നതിനുള്ള അത്യാധുനിക സൗകര്യങ്ങളാണ് വാഹനത്തിലുള്ളത്. 14 ജില്ലകളിലും ഇത്തരത്തിലുള്ള ഒരു വാഹനം മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും.
മോട്ടോർ വാഹനവകുപ്പിന്റെ കേരളത്തിൽ മാത്രമുള്ള സോഫ്റ്റ് വെയർ ഇന്ത്യയൊട്ടാകെയുള്ള വാഹൻ എന്ന കേന്ദ്രീകൃത സോഫ്റ്റ് വെയറിലേക്ക് മാറുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ എവിടെയും വാഹന പരിശോധന നടത്തി കുറ്റ കൃത്യം തെളിഞ്ഞാൽ വാഹന രജിസ്റ്റർ നന്പറിന്റെ അടിസ്ഥാനത്തിൽ ഉടമയുടെ മൊബൈൽ ഫോണിലേക്ക് എസ്എംഎസ് വഴിയും ഇ-മെയിൽ സന്ദേശം വഴിയും പിഴ ഇടാക്കുന്നതിനുള്ള കേസ് വിവരങ്ങൾ എത്തും.
നിലവിൽ രജിസ്റ്റർ കത്തിലൂടെ വരുന്ന കേസുകൾ മുഴുവൻ ഡിജിറ്റൽ രീതിയിലാകും. ഇതിന്റെ ഭാഗമായിട്ടാണ് അത്യാധുനിക സംവിധാനങ്ങളുള്ള ഇന്റർ സെപ്റ്റർ വാഹനത്തിലൂടെയുള്ള പരിശോധന ആരംഭിച്ചിരിക്കുന്നത്. വാഹനത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ലേസർ ബേസ്ഡ് സ്പീഡ് റഡാർ സിസ്റ്റമാണ്. സ്പീഡ് ഹണ്ടർ മൂന്ന് എന്ന ഈ ഉപകരണം വാഹനങ്ങളുടെ വേഗം കണ്ടെത്താൻ സഹായിക്കുന്നു.
ഇതിന്റെ പരിധി നേർ രേഖയിൽ 1.5 കിലോമീറ്ററാണ്. ഈ ഉപകരണത്തിൽ തന്നെ എഎൻപിആർ (ഓട്ടോമാറ്റിക് നന്പർ പ്ലേറ്റ് റെക്കഗനൈസേഷൻ സിസ്റ്റം) ഘടിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ ഈ വാഹനത്തിനു സർവൈലൻസ് കാമറയും ഘടിപ്പിച്ചിട്ടുണ്ട്. ഈ കാമറയിൽ ഏതെങ്കിലും കുറ്റകൃത്യം കണ്ടെത്തിയാൽ ഇതുമായി ബന്ധപ്പെട്ട വാഹനത്തെ നേരിട്ട് കരിന്പട്ടികയിൽ ഉൾപ്പെടുത്താൻ സാധിക്കും. വയർലെസ് സംവിധാനം മുഖേന ഈ വാഹനം ഓഫീസിലെ സെർവറുമായി സദാസമയം ബന്ധപ്പെട്ടിരിക്കും.
പ്രകാശത്തിന്റെ തീവ്രത അളക്കാനുള്ള ലുക്സ് മീറ്ററും വാഹനത്തിലുണ്ട്. ഗ്ലാസിന്റെ സൂതാര്യത അളക്കുവാനുള്ള ടിന്റ് മീറ്ററും വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നു. ശബ്ദത്തിന്റെ തീവ്രത അളുക്കുന്ന സൗണ്ട് ലെവൽ മീറ്റും വാഹനത്തിലുണ്ട്.
മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താൻ അഞ്ചു മെഗാ പിക്സൽ കാമറയോടു കൂടിയ ആൽക്കോ മീറ്ററും വാഹനത്തിലുണ്ട്. ഇതു കൂടാതെ 12 വോൾട്ടിന്റെ 100 എച്ച് ബാറ്ററിയും യുപിഎസും ഫ്ളഡ്, റീഡിംഗ് ലൈറ്റുകളും പബ്ലിക് അഡ്രസ് സിസ്റ്റവും ഘടിപ്പിച്ചിരിക്കുന്നു. ജില്ലയിൽ ഇന്റർസെപ്റ്റർ വാഹനം ഉപയോഗിച്ചുള്ള പരിശോധനകൾ മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ആരംഭിച്ചു.
ആർടിഒ ടോജോ എം. തോമസിന്റെ നേതൃത്വത്തിൽ എഴ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്്ടർമാരും 18 അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്്ടർമാരുടെയും നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം അപകടമുണ്ടായ ബേക്കർജംഗ്ഷനു സമീപം വൈഡബ്ല്യുസി എയ്ക്കു സമീപവും ഇന്നലെ പരിശോധന നടത്തി.