മുംബൈ: റിസർവ് ബാങ്ക് ഇന്നു പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ പരക്കെ ബലപ്പെട്ടു. ഓഹരിവിപണി ഈ പ്രതീക്ഷയിൽ പുതിയ റിക്കാർഡ് കുറിച്ചു. വിവിധ മാധ്യമങ്ങൾ നടത്തിയ സർവേകളിൽ റീപോ നിരക്ക് കുറയ്ക്കും എന്നാണ് മഹാഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്.
റീപോ നിരക്ക് കാൽ ശതമാനം കുറയ്ക്കും എന്നാണ് എല്ലാവരും കരുതുന്നത്. അതിനു പ്രധാനമായി പറയുന്ന കാരണം പണപ്പെരുപ്പനിരക്ക് കുറഞ്ഞതാണ്. ഒരു ദശകത്തിനിടയിലെ ഏറ്റവും താണ നിലയിലാണ് ചില്ലറവിലസൂചിക (സിപിഐ) പ്രകാരമുള്ള വിലക്കയറ്റം (1.47 ശതമാനം). ഇതു ധൈര്യമായി പലിശ കുറയ്ക്കാൻ ഡോ. ഉർജിത് പട്ടേൽ അധ്യക്ഷനായ പണനയ കമ്മിറ്റി(എംപിസി)യെ പ്രേരിപ്പിക്കേണ്ടതാണ്.
പലിശനിരക്ക് ഇനിയെങ്കിലും താഴ്ത്തിയില്ലെങ്കിൽ സാന്പത്തികവളർച്ച പിന്നോട്ടടിക്കുമെന്നു ഗവൺമെന്റ് ഭയപ്പെടുന്നു. ജൂലൈയിലെ കാതൽ വ്യവസായങ്ങളുടെ വളർച്ച 19 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് (0.4%). ജൂലൈയിൽ ഫാക്ടറി ഉത്പാദനം സംബന്ധിച്ച പിഎംഐ 50.7ൽനിന്ന് 47.9ലേക്ക് താണു. ഇതെല്ലാം വ്യവസായവളർച്ച തീരെ കുറവാണെന്നു കാണിക്കുന്നു.
പലിശ കുറഞ്ഞാൽ വ്യവസായനിക്ഷേപം കൂടുമെന്നാണ് ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്. മറിച്ച് അഭിപ്രായമുള്ളവരുമുണ്ട്. ബാങ്കുകളുടെ കിട്ടാക്കടവും അടിസ്ഥാനസൗകര്യമേഖലയിലെ പ്രധാന വ്യവസായങ്ങൾ കടക്കെണിയിലായതുമാണ് നിക്ഷേപം വർധിക്കാത്തതിനു കാരണമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഊർജം, ഉരുക്ക്, ടെലികോം തുടങ്ങിയ മേഖലകളിലെ തളർച്ചയാണ് കിട്ടാക്കടങ്ങൾക്കും നിക്ഷേപമില്ലായ്മയ്ക്കും കാരണം. ഈ മേഖലകളെ ഉദ്ധരിക്കാതെ പലിശ കുറച്ചതുകൊണ്ട് നിക്ഷേപം കൂടില്ല എന്നു കാര്യവിവരമുള്ളവർ പറയുന്നു.
എന്തായാലും പലിശ കുറച്ചു വളർച്ച തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ റിസർവ് ബാങ്ക് പച്ചക്കൊടി കാണിക്കുമെന്ന പ്രതീക്ഷ പരക്കെയുണ്ട്. ഇത് ഓഹരിവിപണിയെ സ്വാധീനിച്ചു.
നിഫ്റ്റി 37.55 പോയിന്റ് കയറി 10,114.65 ൽ റിക്കാർഡ് ക്ലോസിംഗ് നടത്തി. സെൻസെക്സ് 60 പോയിന്റ് കൂടി 32,575.17ൽ ക്ലോസ് ചെയ്തു.
നയപരമായ നിരക്കുകൾ
റീപോനിരക്ക് 6.25%
റിവേഴ്സ് റീപോ 6.00%
ബാങ്ക് റേറ്റ് 6.50%
മാർജിനൽ സ്റ്റാൻഡിംഗ്
ഫസിലിറ്റി റേറ്റ് 6.50%
അനുപാതങ്ങൾ
കരുതൽപണ അനുപാതം (സിആർആർ) 4.00%
സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി
റേഷ്യോ (എസ്എൽആർ) 20.00%
റീപോ നിരക്ക്
വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ.
റിവേഴ്സ് റീപോ നിരക്ക്
വാണിജ്യ ബാങ്കുകൾ മികച്ച പണം നിക്ഷേപിച്ചാൽ റിസർവ് ബാങ്ക് നൽകുന്ന പലിശ.
സിആർആർ
ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട പലിശയില്ലാ നിക്ഷേപം.
എസ്എൽആർ
ബാങ്കുകൾ സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കേണ്ട തുക.