കോഴിക്കോട്: ബാലുശേരിയിൽ വാഹനത്തിന്റെ വായ്പ മുടങ്ങിയ പേരിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ചെന്ന് പരാതി.
ഉണ്ണികുളം സ്വദേശി മുഹമ്മദ് ഷഫീറിനാണ് മർദ്ദനമേറ്റത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ യുവാവിനെ വീട്ടിലെത്തി മർദ്ദിച്ചെന്നാണ് പരാതി.
ഷഫീർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. ചോളമണ്ടലം ഓട്ടോ ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ താമരശ്ശേരി ബ്രാഞ്ചിൽ നിന്ന് ഷഫീർ ഗുഡ്സ് വാഹനത്തിന്റെ പേരിൽ വായ്പ എടുത്തിരുന്നു.
എല്ലാ മാസവും കൃത്യമായി തിരിച്ചടവ് നടത്തിയിരുന്നു. എന്നാൽ ഈ മാസത്തെ തിരിച്ചടവ് ഒരാഴ്ച വൈകിയതാണ് ആക്രമണത്തിന് കാരണം. ഇന്നലെ വീട്ടിലെത്തിയ രണ്ടുപേർ പണം ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. പരിക്കേറ്റ ഷഫീർ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.