മുംബൈ: സാന്പത്തിക (ജിഡിപി) വളർച്ചത്തോത് കുറഞ്ഞത് പലിശനിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കും. ഏപ്രിൽ ആദ്യമാണ് റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) ചേരുക.
ഒക്ടോബർ-ഡിസംബർ ത്രൈമാസത്തിൽ ഇന്ത്യൻ വളർച്ച 6.6 ശതമാനമായിരുന്നെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) വ്യാഴാഴ്ച അറിയിച്ചത്. ഇത് അഞ്ചു ത്രൈമാസങ്ങൾക്കിടയിൽ ഏറ്റവും കുറവാണ്. വാർഷികവളർച്ച ഏഴു ശതമാനം എന്നു കണക്കാക്കിയതിന്റെ അർഥം മാർച്ചിൽ അവസാനിക്കുന്ന ത്രൈമാസ വളർച്ച 6.5 ശതമാനത്തിൽ താഴെയാകും എന്നാണ്.
വിലക്കയറ്റം കുറഞ്ഞിരുന്നിട്ടും വളർച്ചത്തോത് ഇങ്ങനെ താണുപോകുന്ന സാഹചര്യത്തിൽ പലിശനിരക്ക് കുറയ്ക്കാതെ തരമില്ല. കഴിഞ്ഞമാസം റീപോ നിരക്ക് കാൽ ശതമാനം കുറച്ചതാണ്. അടുത്ത എംപിസി യോഗത്തിലും നിരക്ക് കുറച്ചാൽ രണ്ടു മാസംകൊണ്ട് അര ശതമാനമാകും പലിശയിലെ ഇടിവ്. ഇതു നിക്ഷേപം വളർത്തുമെന്നാണു പ്രതീക്ഷ.
ചില നിരീക്ഷകർ പറയുന്നത് ഏപ്രിലിനു മുന്പുതന്നെ എംപിസി യോഗം വിളിച്ച് നിരക്ക് കുറയ്ക്കുമെന്നാണ്. തെരഞ്ഞെടുപ്പിനു മുന്പ് എല്ലാം ഭദ്രമെന്ന ധാരണ ജനിപ്പിക്കാൻ അതു സഹായിക്കുമെന്നാണു പ്രതീക്ഷ.