കണ്ണർ: നഗരത്തിലെ ഇന്റർലോക്ക് വിരിച്ച റോഡുകൾ ഇരുചക്രവാഹനങ്ങൾക്ക് ഭീഷണിയാകുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇടറോഡുകൾ വികസനത്തിന്റെ ഭാഗമായി ഇന്റർ ലോക്ക് ചെയ്തിരുന്നു.
മഴക്കാലമെത്തിയതോടെ ഇത് ഇരുചക്രവാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ദുരിതമായിരിക്കുകയാണ്.മഴപെയ്താൽ ഈ റോഡുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നത് ഏറെ പ്രയാസകരമാണ്. കണ്ണൂർ മാർക്കറ്റ്, രാജീവ് ഗാന്ധി റോഡ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് റോഡുകൾ ഇന്റർലോക്ക് ചെയ്തത്.
വേനൽക്കാലത്ത് വളരെ സുഗമമായി വാഹനമോടിച്ചിരുന്ന റോഡ് മഴക്കാലമെത്തിയതോടെ ജനങ്ങൾക്ക് ഭീതിയുയർത്തുകയാണ്. രാജീവ് ഗാന്ധി റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഏഴോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
ഇതിൽ കൂടുതലും ഇരുചക്ര വാഹനങ്ങളാണ്. മിക്ക യാത്രക്കാർക്കും സാരമായി തന്നെ പരിക്കും പറ്റിയിട്ടുണ്ട്. കൂടാതെ വണ്ടികൾക്കും കാര്യമായ തകരാറുകളും പറ്റിയിട്ടുണ്ട്.
ഇതോടെ ഇവിടങ്ങളിലെ വ്യാപാരികൾക്കും യാത്രക്കാർക്കും പരിക്കുപറ്റിയവരെ ശ്രുശ്രൂഷിക്കാനെ സമയമുള്ളു. ഒന്നരമാസം മുന്പാണ് രാജീവ് ഗാന്ധി റോഡിൽ ഇന്റർലോക്ക് വിരിച്ചത്.
പെട്ടന്നുള്ള ബ്രേക്ക് പിടിക്കലും വെട്ടിക്കലുമാണ് അപകടത്തിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.അതേസമയം ഇന്റർലോക്ക് വിരിച്ചതിലെ അശാസ്ത്രിയതയാണ് അപകടത്തിന് കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മഴവെള്ളം ഓടയിലേക്ക് ഇറങ്ങാനുള്ള സൗകര്യം പോലും ഒരുക്കാതെയാണ് നിർമാണമെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. സമീപത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഓവുചാലിലെത്തിക്കാൻ നേരത്തെ സൗകര്യമുണ്ടായിരുന്നു.
ഇന്റർലോക്ക് വിരിച്ചതോടെ വെള്ളം ഒഴുകാനുള്ള ചാലുകളും ഇല്ലാതെയായി. ഇതോടെ ഇവിടങ്ങളിൽ കാറുകളും ഓട്ടോറിക്ഷകളും തെന്നിമാറുന്നത് തുടർകഥയാവുകയാണ്.
കൂടാതെ നഗരങ്ങളിൽ അലഞ്ഞുതിരിയുന്ന പശുക്കളുടെ മലമൂത്ര വിസർജ്യങ്ങളും അപകടങ്ങൾക്ക് കാരണമാകാറുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. അപകടങ്ങൾ പതിവായതോടെ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് വ്യാപാരികൾ.