സെബി മാളിയേക്കൽ
തൃശൂർ: കാടെവിടെ മക്കളെ… മേടെവിടെ മക്കളെ
കാട്ടുപുൽത്തകിടിയുടെ വേരെവിടെ മക്കളെ
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളെ…
കാടിന്റെയും കാട്ടുചോലയുടെയും ദുസ്ഥിതി വിവരിക്കുന്ന അയ്യപ്പപ്പണിക്കരുടെ കവിതാശകലം കാവ്യദിനം കൂടിയായ ഇന്ന് ഏറെ പ്രസക്തമാണ്. പണിക്കരുടെ ഈ വരികൾ ഉയർത്തിവിട്ട ചിന്തയാണ് കൊടകരയിലെയും കനകമലയിലെയും ഒരുകൂട്ടമാളുകൾക്ക് തങ്ങളുടെ കാടും കാട്ടരുവികളും സംരക്ഷിക്കാൻ ഉൾപ്രേരകമായത്. അതിനു രാസത്വരകമായി വർത്തിച്ചത് എം. മോഹൻദാസ് മാഷെന്ന പരിസ്ഥിതി പ്രവർത്തകനും.
ഒന്നര പതിറ്റാണ്ടുമുന്പ് കനകമല മൊട്ടക്കുന്നുകളായിരുന്നു. അടിക്കടി ഉണ്ടായ കാട്ടുതീ അടിക്കാടുകളെ ഇല്ലാതാക്കിയപ്പോൾ അനധികൃത മരംമുറി കനകമലയുടെ വനനിബിഡതയെയും ഇല്ലാതാക്കി. ആ സാഹചര്യത്തിലാണ് മോഹൻദാസ് ആളുകളെ സംഘടിപ്പിച്ച് വനസംരക്ഷണ സമിതി (വിഎസ്എസ്) രൂപീകരിച്ചത്. കനകമലക്കാടുകളെ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ടതോടെ സമിതി ഉഷാറായി.
2006 – ൽ അന്നത്തെ ഡിഎഫ്ഒ ആയിരുന്ന വർഗീസ് 123 ഹെക്ടർ വനഭൂമിയിൽ മരങ്ങൾ വച്ചുപിടിപ്പിക്കാൻ വിഎസ്എസിന് അനുമതി നൽകി. ആദ്യവർഷം അഞ്ച് ഹെക്ടറിലും പിറ്റേവർഷം 10 ഹെക്ടറിലും മരങ്ങൾ വച്ചുപിടിപ്പിച്ചു. മരുത്, മഹാഗണി, കണിക്കൊന്ന, പുന്ന, ഈട്ടി, മുള, ഈറ്റ, ചൂരൽ തുടങ്ങി 150ഓളം ഇനങ്ങളിൽപ്പെട്ട മരങ്ങളും ചെടികളുമാണു വച്ചുപിടിപ്പിച്ചത്. ഇതിനായി ഒരു നഴ്സറിയും തുടങ്ങി. 2013 വരെയുള്ള ഏഴു വർഷക്കാലംകൊണ്ട് 123 ഹെക്ടറിൽ ഒരു ലക്ഷത്തിലേറെ മരങ്ങൾ വച്ചുപിടിപ്പിച്ചതായി വിഎസ്എസിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ദേവസിക്കുട്ടി പറഞ്ഞു.
ഒരു തൈ നട്ടാൽ മൂന്നുവർഷം പരിചരണം എന്നതായിരുന്നു സംരക്ഷണ രീതി. ഇതിൽ ഏതാണ്ട് 70,000ഓളം മരങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അഞ്ചു രൂപ മെംബർഷിപ്പിൽ 200 അംഗങ്ങളുണ്ടായിരുന്നു. മീറ്റിംഗുകൾ പലപ്പോഴും മൂന്നിൽ രണ്ടു അംഗങ്ങളുടെ ഹാജരില്ലാതെ തീരുമാനങ്ങളെടുക്കാൻ കഴിയാതായപ്പോൾ പിരിച്ചുവിട്ടു. 150 രൂപ വരിസംഖ്യയിൽ സജീവ അംഗങ്ങളെ മാത്രമെടുത്തു. ഇപ്പോൾ ഇത്തരത്തിലുള്ള 67 അംഗങ്ങളാണ് ഈ സമിതിയിലുള്ളത്.
ഇന്ന് മറയൂർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചന്ദനമരങ്ങളുള്ളതു കനകമലയിലാണ്. പാറ തെളിഞ്ഞുകണ്ടിരുന്ന മൊട്ടക്കുന്നുകൾ മാറി ഇന്ന് കനകമല നിബിഡവനമായി. അടിക്കാട് വികസിച്ചു. വേനൽക്കാലത്തും നല്ല പച്ചപ്പ് നിലനിൽക്കുന്നു. നീരുറവ കൂടി, മലയുടെ താഴെയുള്ള പ്രദേശങ്ങളിലെ കിണറുകൾ വറ്റുന്നില്ല. വർഷങ്ങളായി കനകമല തീപിടിച്ചിട്ടില്ല. പരിസ്ഥിതി വിരുദ്ധർ തീയിടാൻ മുതിരുന്നില്ല. ഇതിന്റെയെല്ലാം ക്രെഡിറ്റ് നാട്ടുകാരടങ്ങുന്ന വനം സംരക്ഷണ സമിതിക്കാണ്- സജീവ പ്രവർത്തകനായ വി.എസ്. രഞ്ജിത്ത് പറയുന്നു.
മരങ്ങൾ വച്ചുപിടിപ്പിച്ചതോടെ മണ്ണൊലിപ്പ് തടയാൻ കഴിഞ്ഞു. ഇതോടെ തെളിനീര് കിണറുകളിൽ സംഭരിക്കാൻ തുടങ്ങി. ഈ പ്രദേശത്തെ ചൂടു കുറഞ്ഞു- വനസംരക്ഷണ സമിതിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് കെ.കെ.സുരേഷ് പറഞ്ഞു.ആഗോളതാപനം കുറയ്ക്കാനും ജലദൗർലഭ്യം തടയാനും മരങ്ങൾ ഇടയാക്കുമെന്നതിനാലാണ് “മരം ഒരു വരം ‘ എന്നു പറയുന്നത്. എല്ലാവർക്കും വനസംരക്ഷണത്തിന്റെ ഭാഗമാകാനായില്ലെങ്കിലും നമ്മുടെ പറന്പിലോ പരിസരങ്ങളിലോ പൊതുയിടങ്ങളിലോ ഒരു മരമെങ്കിലും വച്ചുപിടിപ്പിച്ചുകൂടേ-മോഹൻദാസ് മാഷ് ചോദിക്കുന്നു.