എം.വി. വസന്ത്
പാലക്കാട്: മാനദണ്ഡങ്ങൾ മുഖവിലയ്ക്കെടുത്താൽ ഒരു കാര്യം ഉറപ്പാണ്. ഇന്ത്യൻ യുവത്വം സന്പൂർണ സാക്ഷരർ. യുനെസ്കോ ഇന്ന് ലോക സാക്ഷരതാ ദിനം ആചരിക്കുന്പോൾ ഇന്ത്യൻ യുവത്വത്തിനും അഭിമാനിക്കാം. ഏറ്റവും പുതിയ കണക്കുകൾ പ്രക്രാരം ഇന്ത്യൻ യുവത്വത്തിന്റെ സാക്ഷരതാനിലവാരം 90.2 ശതമാനം. തൊണ്ണൂറു ശതമാനത്തിനു മുകളിൽ നിലവാരം കടന്നാൽ അതിനെ സന്പൂർണമായി കണക്കാക്കാമെന്നാണ് വിലയിരുത്തൽ.
ലോക യുവത്വത്തിന്റെ സാക്ഷരതാ നിലവാരത്തെ (89.6) മറികടന്ന പ്രകടനവും ഇന്ത്യൻ യുവത്വം കാഴ്ചവച്ചിരിക്കുന്നു. എങ്കിലും, നമ്മുടെ രാജ്യത്തിന്റെ ആകെ സാക്ഷരതാനിലവാരം 74.04 ശതമാനം മാത്രമാണ്. സമീപ രാജ്യങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യയ്ക്കു മുന്നേ പറന്നവരാണവർ. ചൈന (99.7), ശ്രീലങ്ക (98.8), മ്യാൻമർ (96.3) യുവത്വങ്ങൾ ഇന്ത്യയെക്കാൾ ബഹുദൂരം മുന്നിലാണ്. ആകെ സാക്ഷരതാനിലവാരത്തിലും ഈ രാജ്യങ്ങൾ ഇന്ത്യയേക്കാൾ മുന്നിലാണ്.
ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്പോൾ ഇവിടത്തെ സാക്ഷരതാ നിലവാരം 12 ശതമാനം മാത്രമായിരുന്നു. എഴുപതു വർഷങ്ങൾ പിന്നിടുന്പോൾ നിലവാരം 75 ശതമാനത്തിലെത്തി നില്ക്കുന്നു. അടുത്ത അഞ്ചുവർഷത്തിനകം സാക്ഷരതാ നിലവാരം നൂറു ശതമാനത്തിലെത്തിക്കാനാണ് രാജ്യം ഒരുങ്ങുന്നത്.
സാക്ഷരതയുയർത്തി രാഷ്ട്രങ്ങളുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് യുനെസ്കോ വർഷംതോറും സെപ്റ്റംബർ എട്ടിനു ലോക സാക്ഷരതാ ദിനം ആചരിക്കുന്നത്. ഡിജിറ്റൽ ലോകത്തെ സാക്ഷരത എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം.