പുരുഷന്മാരുടെയും ആൺകുട്ടികളുടെയും ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് അവബോധം വളർത്തുന്നതിനും അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനുമായി എല്ലാ വർഷവും നവംബർ 19 ന് അന്താരാഷ്ട്ര പുരുഷ ദിനം ആഘോഷിക്കുന്നു.
പുരുഷന്മാർ ലോകത്തിലേക്ക് കൊണ്ടുവരുന്ന പോസിറ്റീവ് മൂല്യം ആഘോഷിക്കുകയും പോസിറ്റീവ് റോൾ മോഡലുകളാകാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 2023-ലെ പ്രമേയം ”സീറോ മെയിൽ സൂയിസൈഡ്” എന്നതാണ്. ഇത് പുരുഷന്മാർക്കിടയിലെ ആനുപാതികമല്ലാത്ത ഉയർന്ന ആത്മഹത്യാനിരക്കിന്റെ ഓർമ്മപ്പെടുത്തലാണ്.
45 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ ഏറ്റവും വലിയ കൊലയാളി ആത്മഹത്യയാണെന്ന് കണ്ടെത്തിയതിനാൽ, മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിക്കാൻ പുരുഷന്മാർക്ക് ഒരു ഇടം സൃഷ്ടിക്കുകയാണ് അന്താരാഷ്ട്ര പുരുഷ ദിനം ലക്ഷ്യമിടുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാനും ആഗോളതലത്തിൽ പുരുഷന്മാരെ പ്രോത്സാഹിപ്പിക്കാനാണ് അന്താരാഷ്ട്ര പുരുഷ ദിനം ശ്രമിക്കുന്നത്.
ഇന്ത്യയിൽ പുരുഷാവകാശ അഭിഭാഷകയായ ഉമ ചല്ല, രാജ്യത്ത് അന്താരാഷ്ട്ര പുരുഷ ദിന ആഘോഷങ്ങൾ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പുരുഷ വിരുദ്ധ നിയമവ്യവസ്ഥയിൽ പുരുഷന്മാർ അനുഭവിക്കുന്ന ദുരുപയോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി അന്താരാഷ്ട്ര പുരുഷ ദിനം ആഘോഷിക്കുന്നതിന് അവർ തുടക്കമിട്ടു.
ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ വെസ്റ്റ് ഇൻഡീസ് സർവകലാശാലയിലെ ചരിത്ര അധ്യാപകനായ ഡോ. ജെറോം ടീലുക്സിംഗ് 1999-ൽ അന്താരാഷ്ട്ര പുരുഷ ദിനം സ്ഥാപിച്ചു. അതിനുശേഷം, എല്ലാ വർഷവും ഇത് ആഘോഷിക്കപ്പെടുന്നു. നിലവിൽ 80 ലധികം രാജ്യങ്ങൾ ഈ ദിനം ആഘോഷിക്കുന്നു.