ന്യൂയോർക്ക്: അന്താരാഷ്ട്ര നിധി(ഐഎംഎഫ്)യിൽ നിന്നുള്ള ഏറ്റവും വലിയ വായ്പ അർജന്റീനയ്ക്ക്. 5700 കോടി ഡോളർ (4.14 ലക്ഷം കോടി രൂപ). ഏറ്റവും വലിയ വായ്പ എന്നത് അഭിമാനിക്കാവുന്ന വലിയ കാര്യമൊന്നുമല്ല. രാജ്യത്തിന്റെ സാന്പത്തികനില അത്രമേൽ തകർച്ചയിലായതുകൊണ്ടാണ് ഇതു വേണ്ടിവന്നത്.
ഐഎംഎഫിന്റെ കർശന വ്യവസ്ഥകൾക്കു വാഴങ്ങാമെന്ന് പ്രസിഡന്റ് മൗറീസ്യോ മക്രിയുടെ സർക്കാർ സമ്മതിച്ചശേഷമാണ് ഇതു കിട്ടിയത്. ഐഎംഎഫ് വ്യവസ്ഥകളോടു യോജിപ്പില്ലാത്ത അർജന്റീനയുടെ കേന്ദ്രബാങ്കിന്റെ തലവൻ നിക്കോളാസ് കപുട്ടോ ഒരുദിവസം മുൻപ് രാജിവച്ചിരുന്നു.
വൻവിലക്കയറ്റവും കറൻസി പ്രതിസന്ധിയുമൊക്കെ രാജ്യത്തെ വലയ്ക്കുന്നു. രണ്ടാഴ്ച മുൻപ് 34.4 ശതമാനമായിരുന്നു വാർഷിക വിലക്കയറ്റം. ഇതു 40 ശതമാനത്തിലെത്തുമെന്നു കരുതപ്പെടുന്നു. കറൻസിയുടെ വിനിമയനിരക്ക് പകുതിയായി.അടുത്തവർഷത്തോടെ ബജറ്റ് കമ്മി ഇല്ലാതാക്കാമെന്ന വാഗ്ദാനം നൽകിയാണ് വായ്പ വാങ്ങിയത്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച ചെലവുചുരുക്കലിൽ പ്രതിഷേധിച്ചു രാജ്യത്ത് ഇന്നു പൊതുപണിമുടക്കാണ്.