മുക്കം: ചാലിയാറിൽനിന്ന് കുപ്പികൾ നീക്കം ചെയ്ത് മാതൃകയാവുകയാണ് അറുപത്തി എട്ടുകാരനായ വാഴക്കാട് മപ്രം സ്വദേശി കുന്നത്ത് മേത്തൽ അബ്ദുറഹിമാൻ. ആറു വർഷമായി തുടുരുന്ന ശുചീകരണം ഇപ്പോൾ ജീവിതചര്യയായി മാറിയിരിക്കുകയാണ്. ഇതുവരെ 2.5 ടൺ കുപ്പികളാണ് ചാലിയാറിൽനിന്ന് അബ്ദുറഹിമാൻ പെറുക്കിയെടുത്തത്.
ശുചിത്വ ബോധമില്ലാത്ത സമൂഹത്തിന്റെ ചെയ്തികൾക്ക് തന്നാലാവും വിധം പരിഹാരം ചെയ്ത് വ്യത്യസ്തനാവുകയാണ് ഈ പ്രകൃതി സ്നേഹി. കഴിഞ്ഞ ആറു വർഷത്തോളമായി ചാലിയാറിലെപ ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്യുന്നത് തന്റെ ജീവിതചര്യയാക്കിയിരിക്കുകയാണ് ഈ മനുഷ്യൻ.
ഊർക്കടവ് പാലം മുതൽ അരീക്കോട് പാലം വരെയും ഇരുവഴിഞ്ഞിപ്പുഴയിലൂടെ മുക്കം വരെയും ചെട്ടിക്കടവ് ഭാഗത്തുമൊക്കെ തോണിയിലൂടെ സഞ്ചരിച്ചാണ് പുഴയിൽ ഒഴുകി നടക്കുന്നതും കാടുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതുമായ കുപ്പികളും പ്ലാസ്റ്റിക് കവറുകളും ഇയാൾ പെറുക്കിയെടുത്ത് കരയിലെത്തിക്കുന്നത്. അബ്ദുറഹിമാന്റെ ഓരോ ദിവസ വും ആരംഭിക്കുന്നത് ചാലിയാറിലെ ഓളപ്പരപ്പുകളിലാണ്.
പുഴയുടെ മുക്കും മൂലയും തന്റെ കൈവെള്ള പോലെ പരിചിതമായ അബ്ദുറഹിമാൻ പകലന്തിയോളം ചാലിയാറിനെ സുന്ദരിയാക്കാൻ തന്റെ ചെറുതോണിയിൽ അലയും.പുഴയിൽ ഒഴുകി നടക്കുകയും പൂഴയരികിലെ ചെടികൾക്കുള്ളൽകുടുങ്ങി കിടക്കുകയും ചെയ്യുന്ന മാലിന്യങ്ങളെല്ലാം ശേഖരിക്കും.തോണി നിറഞ്ഞാൽ കരയിലെത്തിക്കും. രാവിലെ ഇറങ്ങിയാൽ രാത്രിയോടെയാണ് തിരിച്ചെത്തുക.
പുഴയിൽ നിന്നും ലഭിക്കുന്ന കുപ്പികൾ എല്ലാം വിൽക്കുകയാണ് പതിവെങ്കിലും അതിൽ നിന്നു ലഭിക്കുന്ന വരുമാനം പ്രതീക്ഷിച്ചല്ല അബ്ദുറഹിമാൻ ഇത് ചെയ്യുന്നത്. അതിലുപരി ഒരുസേവന പ്രവൃത്തിയായാണ് ഇദ്ദേഹം ഇതിനെ കാണുന്നത്.ചാലിയാറിൽ പലരേയും അപകടത്തിൽ നിന്ന് രക്ഷപെടുത്തിയ ഇദ്ദേഹത്തിന് നാട്ടിൽ നിന്ന് ആദരവുകളും ലഭിച്ചിട്ടുണ്ട്.