സെബി മാളിയേക്കൽ
തൃശൂർ: “എന്തൊരു ചൂട്, ശരീരമാകെ തളർന്നുപോകുന്നു’ -മധ്യകേരളത്തിൽ ഇപ്പോൾ പരക്കേ കേൾക്കുന്ന വാക്കുകൾ. എന്നാൽ ചൂട് അത്രമാത്രം കൂടിയിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കേരളത്തിലിപ്പോൾ 34 മുതൽ 36വരെ ഡിഗ്രി ചൂടേ അനുഭവപ്പെടുന്നുള്ളൂ. എന്നിട്ടും വല്ലാത്ത പുഴുക്കം അനുഭവപ്പെടുന്നു. ഇതിന്റെ ഫലമായി ശാരീരിക തളർച്ചയും. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്പോഴാണ് പുഴുക്കം അനുഭവപ്പെടുന്നത്. 34 ഡിഗ്രി ചൂടേയുള്ളൂവെങ്കിലും അന്തരീക്ഷത്തിൽ 90 ശതമാനം ഈർപ്പമുണ്ടെങ്കിൽ അത് നാല്പതിലേറെ ഡിഗ്രി ചൂടായി അനുഭവപ്പെടും.
ചൂട് വിയർപ്പുവഴി നഷ്ടപ്പെടാതാവുന്പോൾ അതു ശരീരത്തിൽതന്നെ തങ്ങി നിൽക്കുകയും വല്ലാത്ത ഉഷ്ണം അഥവാ പുഴുക്കം തോന്നുകയും ചെയ്യും. തളർച്ചയോ മറ്റ് അസ്വസ്ഥതകളോ ഒപ്പം ഉണ്ടാവുകയോ ചെയ്യും . ഇതാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ ആറുപതിറ്റാണ്ടായി അന്തരീക്ഷത്തിലെ ശരാശരി ചൂടിൽ 0.65 ഡിഗ്രിയുടെ വർധനയേ ഉണ്ടായിട്ടുള്ളൂവെന്ന് കാലാവസ്ഥ ഗവേഷകനായ ഡോ. സി.എസ്. ഗോപകുമാർ പറഞ്ഞു. പകൽച്ചൂട് 0.99 ഡിഗ്രി വർധിച്ചപ്പോൾ രാത്രിച്ചൂട് 0.31 മാത്രമാണു വർധിച്ചിട്ടുള്ളത്.
ഈ കാലയളവിൽത്തന്നെ തീരദേശ മേഖലയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്, തുടർന്ന് ഹൈറേഞ്ച് മേഖലയിലും. ഏറ്റവും കുറവ് ചൂടുകൂടിയത് ഇടനാട്ടിലാണ്.ഭൂതലം ചൂടുപിടിച്ച് സാന്ദ്രത കുറഞ്ഞ വായു മേല്പ്പോട്ടുയരുകയും മുകളിലേക്കുയരും തോറും വായു തണുക്കുകയും ചെയ്യുന്ന സംവഹനപ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. ശീതീകരിക്കപ്പെട്ട വായു സാന്ദ്രീകൃത പ്രക്രിയയ്ക്കു വിധേയമായി കാർമേഘങ്ങളായി മാറും.
ഇത്തരം കാർമേഘങ്ങളിൽ ഒരു നിശ്ചിത ശതമാനം വേനൽമഴയ്ക്കും കാരണമാകും. സാധാരണ 290-300 മില്ലിലിറ്റർ വേനൽമഴയാണ് കേരളത്തിൽ ലഭിക്കാറ്. ഇപ്പോൾ പെയ്ത രണ്ടുമൂന്നു മഴയിൽനിന്നായി 50 മില്ലിലിറ്ററോളം മഴ ലഭിച്ചിട്ടുണ്ട്. ബാക്കി മാർച്ച്- ഏപ്രിൽ മാസങ്ങളിലായി ലഭിക്കുമെന്നുതന്നെയാണ് കാലാവസ്ഥ വകുപ്പിന്റെ ഉറച്ച പ്രതീക്ഷ.
കാലാവസ്ഥദിനം
1961 മുതൽ എല്ലാവർഷവും മാർച്ച് 23-ന് കാലാവസ്ഥ ദിനമായി ആചരിക്കാൻ തുടങ്ങി. ഓരോ വർഷവും വിവിധ വിഷയങ്ങളിലാണ് കാലാവസ്ഥാദിനം ആചരിക്കാറുള്ളത്. ഇത്തവണത്തെ വിഷയം ” വെതർ – റെഡി, ക്ലൈമറ്റ് - സ്മാർട്ട് ’ എന്നാണ്.