തൃശൂർ: രാത്രിസമയങ്ങളിൽ ഇന്റർനെറ്റ് കോൾ വിളിച്ച് അസഭ്യം പറയുന്നയാൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് കമ്മീഷൻ ജുഡീഷൽ അംഗം പി. മോഹനദാസ് നിർദേശം നൽകിയത്.
ഹ്യൂമനിസ്റ്റിക്സ് റൈറ്റ് പ്രൊട്ടക്ഷൻ മൂവ്മെന്റ് എന്ന സംഘടനയുടെ പ്രതിനിധി തൃശൂർ പുതുക്കാട് സ്വദേശി ജോണ്സണ് പുല്ലൂത്തിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതി.
കുവൈറ്റിൽ ജോലിചെയ്യുന്ന തൃശൂർ സ്വദേശി രഞ്ജിത്ത് എന്നയാളാണ് തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുന്നതെന്നു പരാതിയിൽ പറയുന്നു. തനിക്കെതിരെ വധഭീഷണി മുഴക്കുന്നുണ്ടെന്നും പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും പരാതിയിൽ പറയുന്നു.
കമ്മീഷൻ ചാലക്കുടി ഡിവൈഎസ്പിയിൽനിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരന്റെ ഫോണിലേക്ക് വന്നതു നെറ്റ് കോളുകളാണെന്ന കാര്യത്തിൽ അന്വേഷണം നടത്തിയെങ്കിലും വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.
എതിർകക്ഷിയായ രഞ്ജിത്ത് വിദേശത്താണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, രഞ്ജിത്ത് നാട്ടിൽ മടങ്ങിയെത്തിയിട്ടുണ്ടെന്നു പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.