ജോലിയുടെ ഭാഗമായോ എന്റര്ട്ടൈന്മെന്റിന്റെ ഭാഗമായോ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കുള്ള ഒരു മുന്നറിയിപ്പ്, റഷ്യന്‍ മാധ്യമങ്ങളുടേതായി പുറത്തു വന്നിട്ടുണ്ട്. ലോകവ്യാപകമായി അടുത്ത 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് പണിമുടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാന ഡൊമെയിന് സെര്‍വറുകളെല്ലാം പണിമുടക്കും. എന്നാല്‍ ഏതാനും സമയം മാത്രമായിരിക്കും ഇന്റര്‍നെറ്റ് തടസ്സം നേരിടുക. ഓരോ രാജ്യത്തും വ്യത്യസ്ത സമയങ്ങളിലായിരിക്കും ഇന്റര്‍നെറ്റ് പണിമുടക്കുക. ടെലികോം കമ്പനികളും മറ്റു നെറ്റ്വര്‍ക്ക് കമ്പനികളും രാജ്യാന്തര ഡൊമെയ്നുകളിലെ മാറ്റം അപ്ഡേറ്റ് ചെയ്യുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടും.
ഡിഎന്‍എസ് അപ്ഡേറ്റ് ചെയ്യാനുള്ള കാലതാമസത്തിനിടെയാണ് ഇന്റര്‍നെറ്റ് ലഭ്യമാവാതിരിക്കുക. എന്നാല്‍ ലോകത്തെ മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 3.6 കോടി ജനങ്ങളെ മാത്രമാണ് ഇത് ബാധിക്കുക. മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഒരു ശതമാനം മാത്രമാണിത്.
ഡൊമെയ്നുകളിലെ ക്രിപ്റ്റോഗ്രഫിക് കീ ആണ് മാറ്റുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി സൈബര്‍ ആക്രമണം കൂടിയിട്ടുണ്ട്. ഇതില്‍ നിന്ന് സുരക്ഷയൊരുക്കാനാണ് ഡിഎന്‍എസ് അറ്റകുറ്റപ്പണി നടത്തുന്നത്.
ഇന്റര്‍നെറ്റ് പണിമുടക്ക് നേരിട്ടാല്‍ ഉപയോക്താക്കള്‍ ആദ്യം ചെയ്യേണ്ടത് ബ്രൗസറുകള്‍ ക്ലോസ് ചെയ്ത് ഓപ്പണ്‍ ചെയ്യുകയാണ്. ബ്രൗസറിലെ കുക്കീസ്, ബ്രൗസിങ് ഹിസ്റ്ററി എല്ലാം നീക്കം ചെയ്യുക. ഇന്റര്‍നെറ്റ് മോഡം, റൗട്ടറുകള്‍, മറ്റു ഇന്റര്‍നെറ്റ് ഡിവൈസുകള്‍ റീബൂട്ട് ചെയ്യുക. കൂടുതല്‍ സമയം ഇന്റര്‍നെറ്റ് ലഭിക്കാതെ വന്നാല്‍ ടെലികോം സേവനദാതാക്കളെ വിളിച്ച് അറിയിക്കുക.
ഇന്ത്യയില്‍ ഇന്റര്‍നെറ്റ് പണിമുടക്ക് കാര്യമായി ബാധിക്കില്ല. എന്നാല്‍ ചില രാജ്യങ്ങളില്‍ പ്രശ്നം സംഭവിക്കുമെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്ലാം തിരിച്ചുവരുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്.