സ്വന്തം ലേഖകൻ
തൃശൂർ: ലോൺ എടുത്തയാളുടെ കൂടെ ജോലി ചെയ്യുന്ന യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി ലോൺ ആപ്പ് കന്പനിയുടെ തട്ടിപ്പുതന്ത്രം.
ലോൺ എടുത്തതിന്റെ ഇരട്ടിയോളം തുക അടച്ചുതീർത്തിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടുള്ള ലോൺ ആപ്പിന്റെ ഭീഷണിക്കു വഴങ്ങാതിരുന്നതാണ് ഫോൺ ആപ്പുകാരെ ചൊടിപ്പിച്ചത്.
യുവതി പരാതിയുമായി എത്തിയപ്പോൾ പോലീസ് നടത്തിയ അനേ്വഷണത്തിലാണു വ്യാജ നഗ്നചിത്രത്തിന്റെ ഉറവിടം വെളിവായത്.
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുടെ ചിത്രമാണ് ലോണെടുത്തയാളെ അപമാനിക്കാൻ ലോൺ ആപ്പുകാർ ഉപയോഗിച്ചത്. കുറ്റവാളികളെ കണ്ടെത്താൻ സൈബർ ക്രൈം പോലീസ് അനേ്വഷണം ഉൗർജിതമാക്കി.
ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വിശേഷ ചടങ്ങിനോടനുബന്ധിച്ച് സഹപ്രവർത്തകരോടൊപ്പം എടുത്ത ഫോട്ടോയാണു തട്ടിപ്പുകാർ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നത്.
ഇതു പരിശോധിച്ച വനിതാ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം ഫോട്ടോയിൽ കണ്ട യുവാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
ഇയാളല്ല കുറ്റക്കാരനെന്നു വ്യക്തമായെങ്കിലും മൊബൈൽ ഫോൺ സൈബർ പരിശോധനയ്ക്കു വിധേയമാക്കി. ഇതിൽ ഒരു ഇൻസ്റ്റന്റ് ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതും ലോൺ ആപ്പ് കമ്പനിക്കാരുടെ സന്ദേശവും ശ്രദ്ധയിൽപെട്ടു. തുടർന്നുള്ള പരിശോധനയിലാണ് ഫോൺ ആപ്പുകാരുടെ തട്ടിപ്പ് പോലീസിനു വ്യക്തമായത്.
ഒടുവിൽ പരാതിക്കാരിക്കും കൂടെ ജോലിചെയ്തിരുന്ന യുവാവിനും ഫോട്ടോ മോർഫ് ചെയ്തത് ലോൺ ആപ്പ് കമ്പനിക്കാർ തന്നെയാണെന്നു പോലീസ് ഓഫീസർ പറഞ്ഞു മനസിലാക്കി.
ലോൺ ആപ്പിന്റെ ചതിക്കുഴി ഒരുങ്ങിയത് ഇങ്ങനെ
യുവാവ് ലോൺ ആപ്പ് വഴി രണ്ടു പ്രാവശ്യമായി പതിനായിരം രൂപ ലോൺ എടുത്തിരുന്നു. പലിശ സഹിതം ഇരട്ടിയോളം തിരിച്ചടച്ചു.
എന്നാൽ ലോൺ ആപ്പ് കമ്പനിക്കാർ പണം ലഭിച്ചില്ലെന്നും വീണ്ടും തുക അടയ്ക്കണമെന്നും നിർദേശിച്ചു. കണക്കു സഹിതം സമർഥിച്ചിട്ടും ലോൺ ആപ്പുകാർ വിട്ടില്ല.
അപ്പോൾ അയാൾ അവരുടെ നമ്പർ ബ്ലോക്ക് ചെയ്തു. അവർ വേറെ മൊബൈൽ നമ്പറുകളിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തൽ തുടർന്നു. നാണക്കേട് ഭയന്ന് യുവാവ് ഇതൊന്നും പുറത്തു പറഞ്ഞില്ല.
യുവാവിന്റെ ഫോൺ പോലീസ് പരിശോധിച്ചപ്പോൾ കണ്ട സന്ദേശത്തിൽനിന്നാണ് പോലീസിനു തുന്പ് ലഭിച്ചത്. “നിങ്ങളുടെ ലോൺ തുക അടച്ചു തീർന്നിട്ടില്ല.
നിശ്ചിത ദിവസത്തിനകം അടച്ചു തീരാതിരുന്നാൽ ഇക്കാര്യം നിങ്ങളുടെ കുടുംബാംഗങ്ങളേയും, കൂട്ടുകാരേയും അറിയിക്കും, നിങ്ങളെ അപമാനിതനാക്കും’ എന്നായിരുന്നു സന്ദേശം.
ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്പോൾതന്നെ ഫോണിൽ നിന്നും നമ്മുടെ കോൺടാക്ട്സ്, ഗാലറി എന്നിവ ആപ്പുകാർ കൈക്കലാക്കുന്നു.
ലോൺ ലഭിക്കുന്നതിനു വ്യക്തിയുടെ സെൽഫി ഫോട്ടോ, ആധാർകാർഡ്, പാൻകാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകളും ആവശ്യപ്പെടും.
ഇതെല്ലാം നൽകുന്പോഴാണ് ലോൺ ആപ്പുകാർ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുക. അതും ലോൺ തുകയിൽനിന്ന് വലിയൊരു തുക കിഴിച്ചശേഷം.
ലോൺ കൃത്യമായി തിരിച്ചടച്ചാലും മുടങ്ങിയതായി പറഞ്ഞ് പണം ആവശ്യപ്പെടും. ഇതിൽ ഏറ്റവും പുതിയ തട്ടിപ്പുരീതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.