മൗണ്ടൻവ്യൂ (കലിഫോർണിയ): ഇന്റർനെറ്റ് സുരക്ഷാ മാസം ആചരിക്കുകയാണ് ഗൂഗിൾ. ഇതിന്റെ ഭാഗമായി കുട്ടികൾക്കുവേണ്ടി കംപ്യൂട്ടർ ഗെയിമും പാഠ്യപദ്ധതിയും ഒരുക്കിക്കഴിഞ്ഞു. പൂർണമായും ഓണ്‍ലൈൻ സുരക്ഷയെയും ഭദ്രതയെയും കുറിച്ചാണിവ.
ഡിജിറ്റൽ ലോകത്തെക്കുറിച്ച് സാമാന്യ അറിവു പകരാനായി ഗൂഗിൾ അവതരിപ്പിക്കുന്ന പരിപാടിയാണ് “ബി ഇന്റർനെറ്റ് ഓസം’. ഇന്റർലാൻഡ് എന്നു പേരിട്ടിരിക്കുന്ന ഗെയിം ലക്ഷ്യം വയ്ക്കുന്നത് മൂന്നു മുതൽ അഞ്ചാം ഗ്രേഡ് വരെ പഠിക്കുന്ന കുട്ടികളെയാണ്.
ഒഴുകുന്ന നാല് ദ്വീപുകളിലേക്കു ഗെയിം കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്നു. ഓരോ ദ്വീപിലും ഓണ്‍ലൈൻ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളും വെല്ലുവിളികളുമുണ്ടാകും. അവയ്ക്കുത്തരം നൽകുന്നതുലൂടെ കുട്ടികളെ ബോധവത്കരിക്കാൻ സാധിക്കുമെന്ന് ഗൂഗിൾ പറയുന്നു.