ദുർചിന്തകളുടെ ലോകത്തുനിന്നു ഇന്റർനെറ്റ് അഡിക്ഷനിലേക്ക് വളരെ നാളുകൾക്കു മുന്‍പ് എന്നെ കണ്‍സൾട്ട് ചെയ്യാൻ വന്ന ഒരു യുവാവിന്റെ മാനസികത്തകർച്ചയുടെ കഥ ഞാനിപ്പോൾ ഓർക്കുകയാണ്. പിതാവുമൊത്താണ് അയാൾ എന്നെ കാണാൻ വന്നത്. സർക്കാർ ഓഫീസിൽ ഒരു ചെറിയ ജോലി ആ യുവാവിനുണ്ട്. കടന്നുവന്ന പാടേ പിതാവ് എന്നോടു പറഞ്ഞു. സാർ എന്റെ മകൻ എന്തൊക്കെയോ ദുർചിന്തകളുടെ പിടിയിലാണ്. എപ്പോഴും അവൻ ചിരിച്ചിരിക്കും.
ഞങ്ങളുടെ വീട്ടിൽ കുടുംബമായിരുന്ന് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചാൽ അവന് അതുമായി സഹകരിക്കാൻ കഴിയുന്നില്ല. അവൻ വേറെ ലോകത്താണ്. മുഖത്ത് യാതൊരു സന്തോഷവുമില്ല. കൂടുതൽ സമയവും അവൻ കട്ടിലിൽ തന്നെ കിടപ്പാണ്. രാത്രിയായാൽ അവൻ നെറ്റിൽ സമയം കളഞ്ഞുകൊണ്ടിരിക്കും. വേണ്ടത്ര ഉറക്കമില്ല. എന്തെങ്കിലും ഞങ്ങൾ ചോദിച്ചാൽ നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കും. പിന്നെ കണ്ണുനിറയും. എന്തെങ്കിലും മനഃശാസ്ത്ര ടെക്നിക്കുകൾ ഉപയോഗിച്ച് സാർ അവന്റെ ഈ അവസ്ഥ മാറ്റിയെടുക്കണം. ഞങ്ങളെ രക്ഷിക്കണം.
വിനോദ് എന്ന ആ ചെറുപ്പക്കാരനെ ഞാൻ മനോവിശ്ലേഷണത്തിനു വിധേയമാക്കി. മനോവിഷമം എത്ര സങ്കീർണമായാലും എന്നോട് സഹകരിച്ച് പ്രവർത്തിച്ചാൽ മനഃശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിച്ച് അതു മാറ്റാൻ കഴിയുമെന്നും നിരാശപ്പെടേണ്ടതില്ലെന്നും ആ യുവാവിന് ഞാൻ പ്രതാശ നൽകി. എല്ലാം തുറന്നു പറയാൻ ആവശ്യപ്പെട്ടു.
ഒരിക്കലും താനാഗ്രഹിക്കാത്ത നെഗറ്റീവ് ചിന്തകളെല്ലാം കൂടി എന്റെ മനസിൽ വന്ന് എന്നെ കീഴ്പ്പെടുത്തുകയാണെന്നും അതിന്റ പിടിയിൽ നിന്ന് എനിക്ക് മോചനമില്ലെന്നും അതിൽ നിന്നു രക്ഷപ്പെടാനാണ് ഞാൻ നെറ്റ് അഡിക്ഷനിലേക്കു പോകുന്നതെന്നും ചിന്തകൾ കാരണം നേരെചൊവ്വേ ഒന്നുറങ്ങിയിട്ട് മാസങ്ങളായെന്നും അവൻ ദുഃഖത്തോടെ എന്നോട് പറഞ്ഞു.
മരുന്നില്ലാത്ത മനഃശാസ്ത്ര ചികിത്സയോടു നൂറുശതമാനം സഹകരിക്കാമെന്നു വാക്കു തരികയും ചെയ്തു. മനഃശാസ്ത്രജ്ഞൻ ഒരുക്കിക്കൊടുത്ത റിലാക്സേഷന്റെ അനുകൂല കാലാവസ്ഥയിൽ അവന്റെ മനസിനുള്ളിലെ നൊന്പരങ്ങൾ അണപൊട്ടിയൊഴുകി.
ഡിഗ്രിക്കു പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്റെ ക്ലാമേറ്റായ ഒരു പെണ്‍കുട്ടിയെ ആത്മാർഥമായി സ്നേഹിച്ചിരുന്നെന്നും എന്നാൽ ഈ അടുത്ത സമയത്താണ് തന്നെ ഞെട്ടിച്ചുകൊണ്ട് ഓരോ ന്യായീകരണങ്ങൾ പറഞ്ഞ് അവൾ തന്റെ സ്നേഹത്തിൽനിന്നു വിട്ടകന്നുവെന്നും ആ ചതി തനിക്ക് മറക്കാനോ പൊറുക്കാനോ സാധിക്കുന്നില്ലെന്നും അവൻ ദുഃഖത്തോടെ എന്നോട് പറഞ്ഞു.
വർഷങ്ങളായി ആത്മാർഥമായി സ്നേഹിച്ചിരുന്നതിനാൽ അവളുടെ ഓർമകളും രൂപവും വീണ്ടും വീണ്ടും മനസിൽ വരികയാണെന്നും അവളെ പെട്ടെന്നു മറക്കാൻ സാധിക്കുന്നില്ലെന്നും അവൻ തുടർന്നു പറഞ്ഞു. എന്നെ ചതിച്ചിട്ട് കൂളായി ഗുഡ്ബൈ പറഞ്ഞുപോയ അവളെ എങ്ങനെയെങ്കിലും ദ്രോഹിക്കണമെന്ന അപകട ചിന്തയും ഇടയ്ക്കിടെ മനസിൽ വരുന്നുണ്ടെന്നും അങ്ങനെ ചിന്തിക്കുന്പോൾ പിന്നീട് കുറ്റബോധമുണ്ടാവുമെന്നും ഈ ജന്മം പാഴായിപ്പോയെന്നുമൊക്കെ അവൻ എന്നോട് പറഞ്ഞു.
ചുരുക്കം ചില സന്ദർഭങ്ങളിൽ ജീവിതം അവസാനിപ്പിച്ചുകളഞ്ഞാലോ എന്നു വരെ താൻ ചിന്തിച്ചിട്ടുണ്ടെന്നും ഈ ചിന്തകളെല്ലാം മാറ്റി പുതിയൊരു ജീവിതം നയിക്കാൻ സാർ സഹായിക്കണമെന്നും അവൻ അഭ്യർഥിച്ചു. ടെൻഷൻ കുറയ്ക്കുന്നതിനുള്ള ഡീപ് റിലാക്സേഷൻ തെറാപ്പിയും മരുന്നില്ലാതെ സുഖകരമായി ഉറങ്ങുന്നതിനുള്ള സെൽഫ് ഹിപ്നോസിസും നൽകി അവന്റെ പ്രത്യാശ വീണ്ടെടുത്തു.
ദുർചിന്തകളുടെ ലോകത്തിലേക്ക് നിർബന്ധിതമായി വലിച്ചിഴയ്ക്കപ്പെട്ട ആ യുവാവിന്റെ നെഗറ്റീവ് ചിന്തകൾ അയാളുടെ ഉറക്കത്തേയും ബയോളജിയേയും മാറിമറിച്ച്, തളർച്ചയും ക്ഷീണവും വിശപ്പുകുറവും പോലുള്ള പല ശാരീര അസ്വസ്ഥതകളും ഉണ്ടാക്കിക്കൊണ്ടിരുന്നതിനാൽ ആധുനിക മനഃശാസ്ത്ര ചികിത്സയിലെ തോട്ട് സ്റ്റോപ്പ് ടെക്നോളി ഉപയോഗിച്ച് അയാളുടെ ചിന്തകളുടെ കൊടുങ്കാറ്റിന് ശമനം വരുത്തി.
ഇത്തരം ചിന്തകളിൽനിന്നു ഒളിച്ചോടാനായി ഇയാൾ കണ്ടെത്തിയ ഒരു രക്ഷാകവചമായിരുന്നു ഇയാളുടെ ഇന്റർനെറ്റ് അഡിക്്ഷൻ. ആ സ്വഭാവത്തെ കണ്‍വേർട്ട് സെൻസിറ്റൈറ്റേഷൻ പോലുള്ള മാർഗങ്ങളുപയോഗിച്ച് വെറുപ്പിച്ചു.
അങ്ങനെ ദുർചിന്തകളുടെ ഘോഷയാത്രയെ ബ്രേക്ക് ഇടേണ്ടതെങ്ങനെയാണ് ഇയാളെ പരിശീലിപ്പിച്ചപ്പോൾ റിലാക്സേഷൻ വീണ്ടെടുത്ത് പുതിയ ഒരുണർവോടെ പോസിറ്റീവ് ആയി ജീവിക്കാൻ ഇന്നയാൾക്ക് കഴിയുന്നു. നമുക്ക് പെട്ടെന്ന് കാണാൻ കഴിയാത്ത സബ് ഓട്ടോമിക് വേൾഡിൽ അലയടിക്കുന്ന ചിന്തകളുടെ തിരമാലകൾ എങ്ങനെ നമ്മുടെ ക്വാണ്ടം ബയോളജിയെയും മോളിക്കുലർ കെമിസ്ട്രിയെയും മാറ്റിമറിക്കുമെന്ന് ഈ കേസ് ഉദാഹരിക്കുന്നു.
ഡോ.ജോസഫ് ഐസക്
(റിട്ട. അസിസ്റ്റൻറ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്)
കാളിമഠത്തിൽ, അടിച്ചിറ റെയിൽവേ ക്രോസിനു സമീപം, തെളളകം പി.ഒ.കോയം 686 016 ഫോണ്‍ നന്പർ 9847054817.
സന്ദർശിക്കുക: www.drjosephisaac.com