കൊണ്ടോട്ടി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ പതിനഞ്ചുകാരനെ വഴിതെറ്റിച്ചത് ഇന്റർനെറ്റിന്റെ ദുരുപയോഗമെന്നു സംശയം.
ഇന്റർനെറ്റിലെ ചില സൈറ്റുകൾ സന്ദർശിച്ച് അതിൽ ഹരംകയറിയാണ് ഇത്തരമൊരു സാഹസത്തിനു പത്താം ക്ലാസുകാരൻ തുനിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ പത്താംക്ലാസുകാരനെ കോഴിക്കോട് വെള്ളിമാട്കുന്ന് ഒബ്സര്‍വേഷന്‍ ഹോമിലേക്കു മാറ്റി.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കൊണ്ടോട്ടി കൊട്ടുക്കരയിൽ 21 വയസുകാരിയായ യുവതി ആക്രമണത്തിനിരയായത്.
സിസിടിവി ദൃശ്യങ്ങളും പെണ്‍കുട്ടിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രദേശവാസിയായ പത്താം ക്ലാസുകാരനെ പൊലിസ് പിടികൂടിയത്.
ആസൂത്രണത്തോടെ
കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്നു മലപ്പുറം ജില്ലാ പൊലിസ് മേധാവി എസ്.സുജിത് ദാസ് മാധ്യമങ്ങളോടു പറഞ്ഞു.
ലൈംഗിക പീഡനമായിരുന്നു പ്രതിയുടെ ഉദ്ദേശം.15 വയസുകാരനാണെങ്കിലും പ്രതി നല്ല ആരോഗ്യമുള്ളയാളാണ്. ജില്ലാതല ജൂഡോ ചാന്പ്യനുമാണ്.
പെണ്‍കുട്ടി കോളജിലേക്കു പോകുന്ന വഴിയില്‍ ഏറെ ദൂരം പിന്തുടര്‍ന്ന പ്രതി ആളൊഴിഞ്ഞ വാഴത്തോപ്പിലെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു.
പിറകിലൂടെ എത്തി യുവതിയുടെ വായ പൊത്തിപ്പിടിച്ച് ഒരു മീറ്ററിനു മുകളില്‍ ഉയരമുള്ള മതിലിനു മുകളിലൂടെ വാഴത്തോട്ടത്തിലേക്കു വലിച്ചിടുകയായിരുന്നു.
കുതറിയോടാന്‍ ശ്രമിച്ച യുവതിയെ കഴുത്തു ഞെരിച്ചു കല്ലുകൊണ്ട് ഇടിച്ചു മര്‍ദിച്ചു. ഇതിനിടെ, രക്ഷപ്പെട്ട യുവതി സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.
ചോദ്യം ചെയ്യൽ
പരുക്കേറ്റ യുവതിയെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീടും സംഭവ സ്ഥലവും തമ്മില്‍ ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട്.
പെണ്‍കുട്ടിയുമായുള്ള പിടിവലിക്കിടെ 15കാരന്റെ ശരീരത്തിലും മുറിവേറ്റിരുന്നു. ചെറുത്തുനിന്ന പെണ്‍കുട്ടിയുടെ നഖം കൊണ്ടാണ് പലേടത്തും മുറിവേറ്റിട്ടുള്ളത്.
എന്നാല്‍, നായ ഓടിച്ചപ്പോള്‍ വീണതാണെന്നാണ് പ്രതി വീട്ടുകാരോടു പറഞ്ഞിരുന്നത്.
പ്രതിയുടെ ചെളി പറ്റിയ വസ്ത്രങ്ങള്‍ പിന്നീടു വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തു. പിതാവിന്റെ സാന്നിധ്യത്തിലാണ് പ്രതിയെ ചോദ്യം ചെയ്തത്.