
തൊടുപുഴ: വാഹന പരിശോധനക്കിറങ്ങിയ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ഇന്റർസെപ്റ്റർ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചു. ഡ്രൈവറും മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ 11.45 ന് നെടിയശാല വാഴപ്പള്ളി ജംഗ്ഷന്് സമീപമാണ് അപകടം. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
സമീപത്തെ ക്വാറിയിൽ പാറ കയറ്റിയ വാഹനങ്ങൾ അമിത വേഗതയിൽ പായുന്നുവെന്ന പരാതിയേക്കുറിച്ച് അന്വേഷിക്കാൻ പോയ വാഹനം തിരിച്ചു വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ നിർത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് സൈഡിലെ ട്രാൻസ്ഫോർമറിന്റെ ചുറ്റുവേലിയിൽ തട്ടി അടുത്തുള്ള പുരയിടത്തിലേക്ക് പാഞ്ഞിറങ്ങി തെങ്ങിലിടിച്ചു നിൽക്കുകയായിരുന്നു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്ന് ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചത്. ഉടൻതന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡ്രൈവറുടെ ഷുഗർ ലെവൽ താഴ്ന്ന് പോയതാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാകാൻ കാരണം.
വാഹനം ട്രാൻസ്ഫോർമറിൽ ഇടിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. കാമറ ഘടിപ്പിച്ച ഇന്റർസെപ്റ്റർ വാഹന പരിശോധനയ്ക്കായി ഏതാനും ദിവസം മുൻപാണ് നിരത്തിലിറങ്ങിയത്.