തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസുടമകൾ നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ച് ബസുടമകൾ മുഖം രക്ഷിച്ചത്. ചർച്ചയ്ക്ക് സർക്കാർ താത്പര്യം കാണിക്കാതിരുന്നതോടെ സമരം പ്രഖ്യാപിച്ച ബസുടമകൾ വെട്ടിലായിരുന്നു. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ബസുടമകളുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല.
ഇതിന് പിന്നാലെ മന്ത്രി ചിക്കൻ പോക്സ് പിടിപെട്ട് കിടപ്പിലാകുകയും ചെയ്തു. പിന്നീട് ചർച്ചകൾക്കുള്ള സാഹചര്യമില്ലാതായതോടെ എങ്ങനെയും സമരം പിൻവലിച്ച് തലയൂരാനായിരുന്നു ബസുടമകളുടെ ശ്രമം. ഇതിനിടെയാണ് ഗതാഗത സെക്രട്ടറിയുമായി ചർച്ചയ്ക്ക് അവസരം ലഭിച്ചതും സമരം പിൻവലിച്ചതും.
കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിന് പിന്നാലെ ഗതാഗതവകുപ്പ് ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പേരിൽ പരിശോധന കർശനമാക്കിയിരുന്നു. ഇതോടെ അന്തർ സംസ്ഥാന ബസുകൾ നിരവധി നിയമ ലംഘനങ്ങൾ നടത്തുവെന്ന് കണ്ടെത്തി പിഴ ചുമത്തുകയും ചെയ്തു. ഉദ്യോഗസ്ഥർ പരിശോധന നടത്തി അനധികൃതമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബസുടമകളുടെ സമരം.
എന്നാൽ സമരം പ്രഖ്യാപിച്ചെങ്കിലും പരിശോധന നിർത്തില്ലെന്നും ശക്തമായ നടപടികളുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. ഇക്കാര്യം മന്ത്രി തന്നെ ആദ്യ ചർച്ചയിൽ ബസുടമകളെ അറിയിച്ചിരുന്നു. ഇതോടെയാണ് അനിശ്ചിതകാലത്തേക്ക് ബസ് ഓടിക്കില്ലെന്ന് ഉടമകൾ പ്രഖ്യാപിച്ചത്.