കൊച്ചി: ബസ് വ്യവസായത്തെ തകര്‍ക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് നടപടികളിൽ പ്രതിഷേധിച്ച് ഇന്റര്‍സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് (ഐബിഒഎ) പ്രഖ്യാപിച്ച അന്തർ സംസ്ഥാന ബസ് സമരം ആരംഭിച്ചു. അന്തർ സംസ്ഥാന ബസ് സര്‍വീസുകള്‍ ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നുവെന്നാണ് അസോസിയേഷന് അറിയിച്ചിട്ടുള്ളത്.
കല്ലട സംഭവത്തിന്റെ പേരിൽ സർക്കാർ തങ്ങളെ മനഃപൂർവം ദ്രോഹിക്കുന്നെന്നാരോപിച്ചാണ് നാനൂറോളം ബസുകൾ സർവീസ് നിർത്തിവച്ചത്. ഇതരസംസ്ഥാന ബസുകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടുമെന്ന് സർക്കാർ തന്നെ പ്രഖ്യാപിച്ച ഘട്ടത്തിലാണ് അനിശ്ചിതകാല സമരവുമായി ബസുടമകളുടെ വരവ്. ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എന്ന പരിശോധന അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
നാനൂറോളം ബസുകളാണു സമരത്തില്‍ പങ്കെടുക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ പഠനത്തിനും ജോലിക്കുമായി പോകുന്നവരെ സമരം കാര്യമായി ബാധിക്കും. കെഎസ്ആർടിസി സർവീസും ദിവസങ്ങൾ കൂടുമ്പോഴുള്ള ട്രെയിൻ സർവീസും മാത്രമാകും ഇവരുടെ ആശ്രയം.