ചങ്ങനാശേരി: ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളില്‍ ലഹരി വില്പന വ്യാപകമെന്നു പരാതി. പായിപ്പാട്, തെങ്ങണ, തൃക്കൊടിത്താനം ഭാഗങ്ങളിലാണ് കഞ്ചാവും ലഹരി പദാര്‍ഥങ്ങളും വ്യാപകമാകുന്നത്.
ഈ സ്ഥലങ്ങളിലെ ചില വ്യാപാര സ്ഥാപനങ്ങളും തട്ടുകടകളും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയും ഊര്ജിതമായതായി പരാതിയുണ്ട്. ലഹരി ഉപയോഗത്തിനുശേഷമുണ്ടായ തര്‍ക്കത്തിലാണ് ഇന്നലെ രാത്രി കുറിച്ചി മുട്ടത്തുകടവില്‍ ഇതരസംസ്ഥാന തൊളിലാളി തലയ്ക്കടിയേറ്റു മരണപ്പെട്ടത്.
ആസാം സ്വദേശി ലളിത് (24)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശി ജസ്റ്റിനെ ചിങ്ങവനം പോലീസ് പിടികൂടി ഏതാനും മാസംമുമ്പ് തോട്ടയ്ക്കാട്ടുള്ള പണിശാലയില്‍ ഇതരസംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തി ചെളിക്കുഴിയില്‍ താഴ്ത്തിയ സംഭവം നടന്നിരുന്നു.
തമിഴ്നാട്, പശ്ചിമ ബംഗാൾ, ഹരിയാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഇതരസസ്ഥാന തൊഴിലാളികള്‍ ലഹരിപദാര്‍ഥങ്ങള്‍ കടത്തിക്കൊണ്ടുവന്ന് വിവിധ താമസകേന്ദ്രങ്ങളില്‍ വിപണനം ചെയ്യുന്നതായി പോലീസും എക്സൈസും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ പിടിച്ചെടുക്കാനും നിയന്ത്രിക്കാനും സാധിക്കുന്നില്ലെന്നു വിമര്‍ശനമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കി തെങ്ങണ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളും ലഹരിപദാര്‍ഥങ്ങളും വില്‍ക്കുന്നതായി കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതിയില്‍ പരാതി ഉയര്‍ന്നിരുന്നു.