ഒരിടവേളയ്ക്കുശേഷം അഭിനേത്രി ഗായത്രി സുരേഷ് മലയാളത്തില് സജീവമാകുന്നു. പുതിയ റിലീസ് അഭിരാമിയില് സോഷ്യല് മീഡിയയില് വൈറലാകുന്ന നഴ്സാണ് ഗായത്രി.
ടൈറ്റിൽ കഥാപാത്രം. ഒരു ദിവസം അഭിരാമി വൈറലാകുന്നതും അവളുടെ ജീവിതം മാറിമറിയുന്നതുമാണ് സിനിമ. ഗായത്രിയുടെ ജീവിതവുമായി അടുത്തുനില്ക്കുന്ന വേഷമെന്നു തോന്നിയാല് അതിശയമില്ല.
ഗായത്രി സുരേഷ് എന്നു ഗൂഗിള് ചെയ്താല് സിനിമാവിശേഷങ്ങളേക്കാള് ട്രോളുകളാവും മുന്നിലെത്തുക. തുറന്നുപറയാന് ഏറെ ഇഷ്ടമുള്ള ഗായത്രിയുടെ കമന്റുകളും നിലപാടുകളും പലപ്പോഴും വൈറല്, ട്രോളര്മാര്ക്കു പ്രിയങ്കരം. പക്ഷേ, അഭിരാമിയിലെ വേഷം വളരെ യാദൃച്ഛികമായി സംഭവിച്ചതാണെന്നു ഗായത്രി രാഷ്്ട്ര ദീപികയോടു പറഞ്ഞു.
തുടക്കത്തില് കൈനിറയെ ചിത്രങ്ങള്
2014ല് മിസ് കേരളയായപ്പോള് പ്രധാന ലക്ഷ്യം സിനിമ തന്നെയായിരുന്നു. മധുരനാരങ്ങയില് അസി. ഡയറക്ടറായ സുഹൃത്തു നല്കിയ ഫോട്ടോ കണ്ട് ചാക്കോച്ചന് എന്നെ ജമ്നാപ്യാരിയിലേക്കു വിളിച്ചു. വീട്ടില് താത്പര്യമുണ്ടായിരുന്നില്ല. ഒറ്റ സിനിമയില് നിര്ത്താമെന്നു പറഞ്ഞാണ് അതില് അഭിനയിച്ചത്.
പക്ഷേ, സിനിമയോട് ഇഷ്ടം തോന്നി. അവസരങ്ങള് വന്നു. തുടര്ന്ന് ഒരേ മുഖം, സഖാവ്, ഒരു മെക്സിക്കന് അപാരത. മെക്സിക്കന് അപാരത ഇന്ഡസ്ട്രി ഹിറ്റായി. തുടര്ന്നു വര്ണ്യത്തില് ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഷാഫിയുടെ ചില്ഡ്രന്സ് പാര്ക്ക്.
തുറന്നുപറച്ചിലുകളാണോ പിന്നീട് അവസരം കുറച്ചത്..?
തുറന്നുപറയുന്ന ആളുകള് കുറെയുണ്ട്. അവര്ക്കൊന്നും അതുണ്ടാവുന്നില്ല. ഞാന് കരിയറിനെ സീരിയസായി എടുത്തില്ല എന്നതാവാം എന്റെ കാര്യത്തില് സംഭവിച്ചത്.
സിനിമയാണ് എനിക്ക് ഏറ്റവുമിഷ്ടം എന്നത് ഈ അടുത്ത കാലം വരെയും ഞാന് തിരിച്ചറിഞ്ഞിരുന്നില്ല. സിനിമയ്ക്കൊപ്പംതന്നെ സൗഹൃദങ്ങളും ഇഷ്ടമാണ്. ഞാനന്നു സിനിമയ്ക്കായി ജീവിച്ചില്ല. സിനിമകളുടെ തെരഞ്ഞെടുപ്പില് അതിന്റേതായ പ്രശ്നങ്ങള് വന്നിട്ടുണ്ടാവാം. ധാരാളം പുതിയ പെണ്കുട്ടികള് കടന്നുവരുന്ന ഈ രംഗത്ത് ജാഗ്രതയോടെ നിന്നില്ലെങ്കില് പിടിച്ചുനില്ക്കാനാവില്ല.
മനപ്പൂര്വം മാറ്റിനിര്ത്തിയതാണോ..?
അതും ഉണ്ടാവാം. തുറന്നുപറച്ചിലുകളും ഏറെ ബാധിച്ചുവെന്നുതന്നെ വിശ്വസിക്കുന്നു. പിന്നെ, സിനിമാലോകത്തു ഭാഗ്യം ഒരു പ്രധാന ഘടകമാണ്. നമ്മുടെ സമയം, ബന്ധങ്ങള്, നമ്മള് എവിടെ പ്ലേസ് ചെയ്യപ്പെടുന്നു എന്നതൊക്കെയും പ്രധാനമാണ്.
തെലുങ്കിലെത്തിയത്..?
തെലുങ്കിലെ എന്റെ മാനേജര് വഴിയാണ് ആദ്യ സിനിമ ഹീറോ ഹീറോയിനില് എത്തിയത്. തുടര്ന്നു നേനു ലേനി നാ പ്രേമകഥ, ഗന്ധര്വ. നേനു ലേനി നാ പ്രേമകഥയില് ഞാനാണു കേന്ദ്ര കഥാപാത്രം. ഹീറോ ഹീറോയിനില് തുല്യ പ്രധാന്യമുള്ള വേഷം. തെലുങ്ക് എനിക്ക് ഏറെ ഇഷ്ടമുള്ള ഇന്ഡസ്ട്രിയാണ്. അവിടെയാണ് കൂടുതല് പ്രാധാന്യമുള്ള വേഷങ്ങള് കിട്ടിയത്. ഏറെ പ്രഫഷണലിസവുമുണ്ട്. ജോലിക്ക് ഓഫീസില് പോകുന്നതുപോലെയാണു ഫീല് ചെയ്യുക.
വീണ്ടും മലയാളത്തില്…
മലയാളത്തില് മുമ്പ് അഭിനയിച്ച ബദല് ഉള്പ്പെടെയുള്ള പല സിനിമകളും ഇപ്പോഴാണു റിലീസാകുന്നത്. തയ്യല് മെഷീന് എന്ന സിനിമയാണ് അടുത്തിടെ ചെയ്തത്. അങ്കമാലി ഡയറീസിലെ കിച്ചു ടെല്ലസ്, ശ്രുതി ജയന് തുടങ്ങിയര്ക്കൊപ്പം. അതു ഹൊറര് സിനിമയാണ്. അതില് പ്രേതമായാണ് അഭിനയിച്ചത്. ഈ മാസം റിലീസാകും.
അഭിരാമിയെക്കുറിച്ച്..?
അഭിരാമി ഏഴിനു തിയറ്ററുകളിലെത്തും. ദുബായില് ജോലിചെയ്യുന്ന അഭിരാമി സോഷ്യല് മീഡിയ അഡിക്ടാണ്. സോഷ്യല് മീഡിയയില് നടക്കുന്ന എല്ലാ കാര്യങ്ങളും അറിയാം. എപ്പോഴും സെല്ഫിയെടുക്കുക, പോസ്റ്റ് ചെയ്യുക…അതൊക്കെയാണ് മെയിന്. മലര്വാടി ആര്ട്സ് ക്ലബ്ബിലൂടെ സിനിമയിലെത്തിയ, 2018 സിനിമയില് ടോവിനോയുടെ സുഹൃത്തായി വേഷമിട്ട, ഹരികൃഷ്ണനാണ് നായകന്.
ട്രോളുകളോടുള്ള നിലപാട്..?
ട്രോള് അടിസ്ഥാനപരമായി കോമഡിയാണ്. കോമഡിക്ക് എപ്പോഴും മാര്ക്കറ്റുണ്ട്. ഫുള് ഇന്റര്വ്യൂ ഇരുന്നു കാണുന്നതിലും ആളുകള്ക്കിഷ്ടം അതിലെ നര്മം പകരുന്ന ഭാഗം അടര്ത്തിയെടുത്തു വരുന്ന ട്രോളാണ്.
ട്രോളുകള് വരുന്നതില് വിരോധമോ വിഷമമോ ഇല്ല. അവര് പറയുന്നതില് എന്തെങ്കിലും കാര്യമുണ്ടോ എന്നു നോക്കി പരമാവധി തിരുത്താന് ശ്രമിക്കും. എന്നെ ആരും ഒന്നും പറയരുതെന്നു പറഞ്ഞ് ഇവിടെ നില്ക്കാന് പറ്റില്ലല്ലോ.
അതിനെതിരേ ഫൈറ്റ് ചെയ്യാനും പറ്റില്ല. ഞാന് എത്രത്തോളം ഫൈറ്റ് ചെയ്യും? എനിക്കു ട്രോള്സ് മാത്രമേയുള്ളൂ, സിനിമയില്ല എന്നു പറഞ്ഞിരിക്കാനില്ല. സിനിമയ്ക്കു വേണ്ടി നിരന്തരം ശ്രമിക്കുന്നു. എന്റെ ജേര്ണി നന്നായി പോകാന് ആ സമയത്ത് എന്താണോ ആവശ്യം അങ്ങനെയാവും ഞാന് പെരുമാറുക. തുറന്നുപറച്ചില് വേണ്ട സന്ദര്ഭങ്ങളില് കാര്യങ്ങള് തുറന്നുതന്നെ പറയും.
ഇനി ഏതു തരം കഥാപാത്രങ്ങള്..?
മാറിയ കാലത്തിനനുസരിച്ചുള്ള പ്രമേയങ്ങള് ഇന്നു സിനിമയില് ചര്ച്ചചെയ്യപ്പെടുന്നുണ്ട്. ഇനി എനിക്ക് ഒരുപാടു മുന്നോട്ടു പോകാനുണ്ട്. അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഫഹദ് ഫാസില്, ലാലേട്ടന്, മമ്മൂക്ക തുടങ്ങിയവര്ക്കൊപ്പം അഭിനയിക്കണം.
സെറ്റില്നിന്നു സെറ്റിലേക്കു പോകണം. തീവ്രമായ ആഗ്രഹമുണ്ട്. തീര്ച്ചയായും ഞാനവിടെ എത്തിച്ചേരും. ഇന്ന കഥാപാത്രം ചെയ്യണം എന്നല്ല, ഏതു കഥാപാത്രം കിട്ടിയാലും ഒട്ടും കളങ്കമില്ലാതെ അതിന്റെ പൂര്ണതയില് അവതരിപ്പിക്കാനാണ് ഇഷ്ടം. പക്കാ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.