സിനിമയിൽ ഒരു നടൻ ക്ലിക്കാവുക എന്നത് കഴിവിൽ ഉപരി ഒരു പരിധി വരെ ഭാഗ്യം തന്നെയാണ്. സിനിമയിലെത്തി 17 വർഷത്തിനു ശേഷമാണ് ആ ഭാഗ്യം നടൻ പ്രശാന്ത് അലക്സാണ്ടറിനെ കടാക്ഷിക്കുന്നത്. തലവര തെളിയുക എന്നൊക്കെ പറയാറില്ലേ. പ്രശാന്തിന്റെ കാര്യത്തിൽ അതു സംഭവിച്ചത് വൈശാഖിന്റെ മമ്മൂട്ടിചിത്രം ‘മധുരരാജ’യിലാണ്. അതിൽ കാസ്റ്റ് ചെയ്യപ്പെട്ട ഉടനെയാണ് അർജുൻ കപൂറിനൊപ്പം ബോളിവുഡ് ചിത്രം ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡി’ൽ ഒരു നിർണായക വേഷത്തിൽ അഭിനയിക്കാനുള്ള അവസരം പ്രശാന്തിനു കൈവന്നത്.
മധുരരാജയിലെ എംഎൽഎ ക്ലീറ്റസ് എന്ന വേഷം ഹിറ്റായതിൽ സണ്ണി ലിയോണിനൊപ്പമുള്ള നൃത്തരംഗവും നിർണായകമായി. കമലിന്റെ ‘നമ്മളി’ൽ തുടങ്ങിയ പ്രശാന്തിന്റെ കരിയർ അച്ഛനുറങ്ങാത്ത വീട്, ഓർഡിനറി, ആക്ഷൻ ഹീറോ ബിജു, ഒരു മുറൈ വന്ത് പാർത്തായ, ഇര, ജോണി ജോണി യേസ് അപ്പ തുടങ്ങി ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെയാണ് മധുരരാജയെന്ന നിർണായക വഴിത്തിരിവിലെത്തിയത്.
“ഇനി മലയാളത്തിൽ നല്ല കാരക്ടർ വേഷങ്ങൾ കിട്ടുമെന്നാണ് സിനിമയിലെ സുഹൃത്തുക്കൾ പറഞ്ഞത്. നല്ല വേഷങ്ങൾ കിട്ടുമെന്ന പ്രതീക്ഷയിലും പ്രാർഥനയിലുമാണ്. ഒരഭിനേതാവെന്നുള്ള രീതിയിൽ അറിയപ്പെട്ടു മരിക്കണം എന്നാണു മോഹം. സിനിമ ഇയാളെ വേണ്ടരീതിയിൽ ഉപയോഗിച്ചിട്ടില്ല എന്ന് പിന്നീട് ആരും പറയാനിടയാകരുത്…” നടൻ പ്രശാന്ത് അലക്സാണ്ടർ സംസാരിക്കുന്നു.
ടെലിവിഷനിൽ നിന്നു സിനിമയിലേക്ക്…
കൊടൈക്കനാലിൽ മീഡിയ കമ്യൂണിക്കേഷൻ ആൻഡ് മാനേജ്മെന്റിൽ ഞാൻ പിജി ചെയ്യുന്ന സമയത്താണ് ഹോട്ടൽ മാനേജ്മെന്റ് ഡിപ്പാർട്മെന്റിന്റെ ഫുഡ് ഫെസ്റ്റിവൽ കവർ ചെയ്യാൻ ഏഷ്യാനെറ്റ് അവിടെ വന്നത്. ഏഷ്യാനെറ്റിന്റെ ‘ക്രേസി റെക്കോർഡ്സ്’ എന്ന പ്രോഗ്രാം അവിടെവച്ച് ചിത്രീകരിച്ചു. അത് ആംഗർ ചെയ്യാൻ എനിക്ക് അവസരമുണ്ടായി. അതിന്റെ പ്രൊഡ്യൂസറായിരുന്ന ഷാജി വർഗീസിന്റെ ക്ഷണപ്രകാരം പിന്നീട് ഏഷ്യാനെറ്റിന്റെ ‘വാൽക്കണ്ണാടി’യിൽ ആംഗറായി. ഞാൻ, ഉണ്ണി ശിവപാൽ, ജ്യോതിർമതി, സവിത, നീനകുറുപ്പ് എന്നിവർ അവതരിപ്പിച്ച ആ പ്രോഗ്രാം എറെ ഹിറ്റായി.
അതൊക്കെ ചെയ്യുന്പോൾ ചാനലിൽ ഒരു ജോലി എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയതോടെ സ്വാഭാവികമായും സിനിമാ ആഗ്രഹങ്ങളും വന്നുതുടങ്ങി. ചാൻസ് തേടി ആദ്യം കണ്ടതു കമൽ സാറിന്റെ അസോസിയേറ്റ് സലീം പടിയത്തിനെയാണ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കമൽ സാറിനെ കണ്ടു. അങ്ങനെ 2002 ൽ ‘നമ്മളി’ ൽ ഞാനൊരു വേഷം ചെയ്തു. അതാണ് എന്റെ ആദ്യത്തെ സിനിമ.
ആദ്യത്തെ കാരക്ടർ വേഷം അച്ഛനുറങ്ങാത്ത വീട്ടിൽ…
നമ്മളിനു ശേഷം ചെയ്തതു ‘ടൂവീലർ’. അതിലും നല്ല വേഷമായിരുന്നു. ജയസൂര്യ, ജിഷ്ണു, കാവ്യ മാധവൻ, നിഷാന്ത് സാഗർ… മലയാളത്തിലെ അന്ന ത്തെ പ്രധാന ആർട്ടിസ്റ്റുകളെല്ലാമുള്ള വലിയ സിനിമ. പക്ഷേ, പല കാരണങ്ങൾ കൊണ്ടും ആ പടം അന്നു പൂർത്തിയായില്ല. പിന്നീടു 2013 ൽ ‘പ്ലയേഴ്സ് ’എന്ന പേരിലാണ് അതു തിയറ്ററുകളിലെത്തിയത്. ആ സിനിമ കൃത്യസമയത്തു റിലീസ് ആയിരുന്നുവെങ്കിൽ എന്റെ കരിയർ തന്നെ മാറിപ്പോയേനെ. തുടർന്നു കുറേ സിനിമകളിൽ കാന്പസ് വേഷങ്ങൾ.
അന്നൊക്കെ എനിക്കു സിനിമയെന്നതു കൂട്ടുകാരുടെ മുന്നിൽ ‘ഞാൻ ആ പടം ചെയ്തു, ആ നടനെ പരിചയപ്പെട്ടു’ എന്നൊക്കെ പറയാൻ വേണ്ടി മാത്രമുള്ള ഒരു കാര്യമായിരുന്നു. ലാൽ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമയിലാണ് ഞാൻ ആദ്യമായി കാരക്ടർ വേഷം ചെയ്തത്. യഥാർഥ സംഭവം മുൻനിർത്തിയുള്ള സിനിമയായിരുന്നു അത്. ആ സിനിമ ചെയ്തതിനുശേഷമാണ് അഭിനയിക്കുന്നതിൽ ഒരു ഹരം കിട്ടിത്തുടങ്ങിയത്. ഒരു കാരക്ടർ ചെയ്യുന്പോഴുള്ള രസം, അതിനെപ്പറ്റി ആളുകൾ പറയുന്നതു കേൾക്കുന്പോഴുള്ള സന്തോഷം… അതെല്ലാം അറിയാനായി. അതോടെ ഞാൻ ടെലിവിഷൻ പരിപാടികൾ മൊത്തത്തിൽ നിർത്തി. ആങ്കറായി നിന്നാൽ ആളുകൾ നമ്മളെ ആങ്കറായി മാത്രമേ കാണുകയുള്ളൂ എന്നു തോന്നി.
ഇടവേളയ്ക്കുശേഷം ‘ഓർഡിനറി’…
കാരക്ടർ വേഷങ്ങൾക്കായി ഞാൻ കാത്തിരുന്നു. പക്ഷേ, അതൊരു നീണ്ട കാത്തിരിപ്പായിരുന്നു. നല്ല ഒരു കാരക്ടർ ചെയ്താൽ അവസരങ്ങൾ നമ്മളെ തേടിയെത്തും എന്നാണു ഞാൻ വിചാരിച്ചിരുന്നത്. അവസരങ്ങൾക്കായി നമ്മൾ അന്വേഷിച്ചു നടക്കണമെന്നും ആളുകളെ പോയി കാണണമെന്നുമൊക്കെ അന്ന് എനിക്ക് അറിയില്ലായിരുന്നു. നീണ്ട കാലയളവ് സിനിമകളൊന്നും ചെയ്യാതെയിരുന്നു. ഡിറ്റക്ടീവ്, നാദിയ കൊല്ലപ്പെട്ട രാത്രി, പളുങ്ക്… ഇടയ്ക്കൊക്കെ ചില പടങ്ങളിൽ രണ്ടും മൂന്നും സീനുകൾ. അങ്ങനെ പോകുന്നതിനിടെ ‘ബെസ്റ്റ് ആക്ടറി’ൽ അഭിനയിച്ചു.
പിന്നീടു ചെയ്ത സുഗീതിന്റെ ‘ഓർഡിനറി’യിലാണ് എന്റെ രൂപമൊക്കെ മാറ്റിയ ഒരു വേഷം കിട്ടിയത്. അതിനു നല്ല അഭിപ്രായം കിട്ടുകയും ആ സിനിമ വലിയ ഹിറ്റാവുകയും ചെയ്തപ്പോൾ എന്നെത്തേടി അവസരങ്ങൾ വരും എന്ന് വീണ്ടും കരുതി. അപ്പോഴും അവസരങ്ങൾ വന്നില്ല. സിനിമയുടെ പിന്നണിയിലേക്കു പോകാമെന്നു കരുതി അസിസ്റ്റന്റ് ഡയറക്ടറായി. രണ്ടു പ്രധാന താരങ്ങളെവച്ച് എന്റെ സ്ക്രിപ്റ്റിൽ ഒരു സിനിമ അഡ്വാൻസൊക്കെ മൂവ് ചെയ്തു മുന്നോട്ടു നീങ്ങി. പക്ഷേ, മറ്റൊരു സിനിമയുടെ പരാജയം എന്റെ സിനിമയെ ബാധിച്ചതിനാൽ അതു നടന്നില്ല. ഞാൻ എഴുതിയ കഥയ്ക്കു പിന്നാലെ നടന്നതു മൂന്നര വർഷം!
എബ്രിഡ് ഷൈനും ആക്ഷൻ ഹീറോ ബിജുവും…
ഡിപ്രഷനിലേക്കു വീഴുന്നതിനു തൊട്ടുമുന്പാണ് എബ്രിഡ് ഷൈന്റെ ആക്ഷൻ ഹീറോ ബിജുവിൽ ഒരു റോൾ കിട്ടിയത്. കഥാപാത്രത്തിന്റെ പേര് ജോസ് പൊറ്റക്കുഴി. ഷൈൻ എന്റെ സുഹൃത്താണ്. ‘1983’ യിൽ എന്നെ കാസ്റ്റ് ചെയ്തി രുന്നുവെങ്കിലും എനിക്ക് അതിൽ അഭിനയിക്കാനായില്ല. ആക്ഷൻ ഹീറോ ബിജുവിൽ മൂന്നു സീനാണു തന്നത്. ഏറെ നിർണായകമായ ആ മൂന്നു സീനുകൾ സിനിമ ഇറങ്ങിയതോടെ വലിയ സംഭവമായി. എന്നിലെ അഭിനേതാവിനു പുതിയ കാഴ്ചപ്പാടു തന്നത് എബ്രിഡ് ഷൈൻ എന്ന സംവിധായകനാണ്.
ഇനി കാത്തിരുന്നിട്ടു കാര്യമില്ലെന്നും വേഷങ്ങൾ പോയിത്തന്നെ വാങ്ങണമെന്നുമുള്ള ബോധ്യത്തിലെത്തി. പരിചിതരായ സംവിധായകർക്കു സിനിമകൾ കുറയുകയും പുതിയ സംവിധായകർ സിനിമയിലേക്കു വരികയും ചെയ്ത സമയമായിരുന്നു അത്. നന്പർ തേടിപ്പിടിച്ച് അവരിലേക്ക് എത്തുക എന്നതു വലിയ ചലഞ്ചായിരുന്നു. പക്ഷേ, ആക്ഷൻ ഹീറോ ബിജു കണ്ടിരുന്നതിനാൽ വളരെ പോസിറ്റീവായിട്ടാണ് എല്ലാവരും എന്നോടു പെരുമാറിയത്. പിന്നീടു സാജൻ കെ. മാത്യുവിന്റെ ‘ഒരു മുറൈ വന്ത് പാർത്തായ’യിൽ കുര്യച്ചൻ എന്ന ആദ്യാവസാനമുള്ള വേഷം. ആ പടം അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മുഴുനീളവേഷം ചെയ്യുന്ന എക്സ്പീരിയൻസ് എനിക്കുകിട്ടി.
പിന്നീട് വൈശാഖും ഉദയകൃഷ്ണയും പ്രൊഡ്യൂസ് ചെയ്ത ‘ഇര’ യിൽ ഹോസ്പിറ്റൽ എംഡിയുടെ വേഷം. നവീൻ ജോണിന്റെ രചനയിൽ സൈജു എസ്.എസ് സംവിധാനം ചെയ്ത ചിത്രം. ഞാൻ ഹ്യൂമർ ചെയ്താൽ എങ്ങനെയിരിക്കും എന്ന് ആദ്യമായി സ്ക്രീനിൽ കാണാനായത് ഇരയിലാണ്. അവിടെവച്ചാണ് വൈശാഖിനെയും ഉദയേട്ടനെയുമൊക്കെ അടുത്ത് പരിചയപ്പെട്ടത്.
‘ജോണി ജോണി യേസ് അപ്പ’യിൽ പള്ളീലച്ചൻ…
അതുവരെ ചെയ്തുവന്ന ചെറിയ കഥാപാത്രങ്ങളിൽ നിന്നു വിഭിന്നമായി നായകനെ വരെ സ്വാധീനിക്കുന്ന തരത്തിൽ സ്ക്രിപ്റ്റിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രം എനിക്കു കിട്ടിയത് ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത ജോണി ജോണി യേസ് അപ്പയിലാണ്. അതിലെ പള്ളീലച്ചൻ എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു വേഷമാണ്. എന്റെ പിതാവും ഒരു പള്ളീലച്ചനായിരുന്നു. എനിക്കു പ്രമോഷൻ കിട്ടിയ വേഷമായിരുന്നു അത്. അതു ചെയ്തുകൊണ്ടിരുന്നപ്പോഴാണ് വൈശാഖിന്റെ ‘മധുരരാജ’യിൽ എന്നെ കാസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അറിയുന്നത്.
ആ സമയത്തു തന്നെയാണ് എനിക്കു ഫേസ്ബുക്കിൽ മുംബൈയിലെ ഒരു കാസ്റ്റിംഗ് ഏജൻസിയുടെ മെസേജ് വന്നത്. അവരുടെ പുതിയ സിനിമയിൽ ഒരു സൗത്ത് ഇന്ത്യൻ കാരക്ടർ ഉണ്ടെന്നും അതു ചെയ്യാൻ താത്പര്യമുണ്ടോ എന്നും ചോദിച്ചു. എന്തും ചെയ്യാൻ തയാറായി നിൽക്കുന്ന മാനസിക അവസ്ഥയിലായിരുന്നു ഞാൻ. അവർ തന്ന സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ ഒരു ഓഡീഷൻ വീഡിയോ തയാറാക്കി അയച്ചുകൊടുത്തു. അങ്ങനെ ഒരേസമയത്ത് ‘മധുരരാജ’യും ഹിന്ദി സിനിമ ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡും’ കയറിവന്നു.
മധുരരാജയും ഇന്ത്യാസ് മോസ്റ്റ് വാണ്ടഡും
രണ്ടു സിനിമയുടെയും ഡേറ്റുകൾ തമ്മിൽ കാര്യമായ ക്ലാഷ് ഇല്ലായിരുന്നുവെങ്കിലും രണ്ടും തുടങ്ങുന്നത് ഒരേ ദിവസമായിരുന്നു. ആ ദിവസം ഞാൻ അതതു സെറ്റുകളിലുണ്ടെങ്കിലേ എനിക്കു മുന്നോട്ട് അഭിനയിക്കാൻ പറ്റുമായിരുന്നുള്ളൂ. ആകെ ടെൻഷനായി. ലൈഫിൽ ടേണിംഗ് പോയിന്റ് ആകാൻ പോകുന്ന കഥാപാത്രമാണ് മധുരരാജയിലേതെന്നും ഹിന്ദിപടം ഉപേക്ഷിച്ചാലും നഷ്ടമില്ലെന്നും വൈശാഖ് പറഞ്ഞു. 17 വർഷമായി ഇവിടെ അഭിനയിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഒരു ഒരു മലയാളം ആക്ടറായി അറിയപ്പെടണം, അതിനാൽ ഹിന്ദി ചെയ്യുന്നില്ലെന്നു കാസ്റ്റിംഗ് ഏജൻസിയെ അറിയിച്ചു.
ഒരു ദിവസം കൊണ്ട് മറ്റൊരാക്ടറെ കണ്ടെത്തുക ബുദ്ധിമുട്ടായതിനാൽ എനിക്കുവേണ്ടി അവർ ഒരു ദിവസത്തെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്തുതന്നു. അങ്ങനെ ഓഗസ്റ്റ് ഒന്പതിനു മധുരരാജയുടെ സെറ്റിലെത്തി അഭിനയിച്ചു തുടങ്ങി. ജഗപതി ബാബുവുമായിട്ടായിരുന്നു അന്നു കോംബിനേഷൻ. അന്ന് ഉച്ചയായപ്പോൾ ഇവിടെ പ്രളയം കാരണം എയർപോർട്ട് അടച്ചു. ഹിന്ദിപടത്തിന്റെ കോണ്ട്രാക്റ്റ് നേരത്തേ ഒപ്പുവച്ചിരുന്നതിനാൽ അന്നു രാത്രി മുംബൈയിൽ എത്തിയില്ലെങ്കിൽ എനിക്കെതിരേ അവർക്കു നിയമനടപടിയിലേക്കു പോകാം. കാറിൽ ചെന്നൈയിൽ എത്തിച്ച് അവിടന്ന് ഫ്ളൈറ്റ് കയറ്റിവിടുമെന്ന് വൈശാഖ് പറഞ്ഞു.
ഭാഗ്യവശാൽ നാലു മണി ആയപ്പോഴേക്കും എയർപോർട്ട് തുറന്നു. പക്ഷേ, മധുരരാജയുടെ ഷൂട്ടിംഗ് കഴിഞ്ഞിരുന്നില്ല. ഏഴു മണിക്ക് എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാനുള്ളതാണ്. ഷൂട്ട് തീർന്നപ്പോൾ ആറു മണി. എയർപോർട്ടിലെത്തിയപ്പോൾ എട്ടു മണി. എട്ടു മണിക്കാണു ഫ്ളൈറ്റ്. അവിടയെത്തിയപ്പോഴാണ് മഴ കാരണം ഗോവയിൽ നിന്നുള്ള ഫ്ളൈറ്റ് അര മണിക്കൂർ വൈകുമെന്നറിഞ്ഞത്. അങ്ങനെ എനിക്കു ഫ്ളൈറ്റ് കിട്ടി. രാത്രി ഞാൻ മുംബൈയിലെത്തി. പിറ്റേദിവസം മുതൽ ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡി’ൽ അഭിനയിച്ചുതുടങ്ങി. എല്ലാറ്റിനും പിന്നിൽ ദൈവാനുഗ്രഹം തന്നെ.
ഐബി ഓഫീസർ പിള്ള
ഹിന്ദി സിനിമാ അനുഭവങ്ങൾ വളരെ രസകരമായിരുന്നു; ഞാൻ സ്വപ്നം കാണാത്ത ഒരു സ്ഥലത്താണ് എത്തിനിൽക്കുന്നത് എന്ന അവസ്ഥ. മലയാളസിനിമയിൽ വേഷമില്ലാതിരിക്കുന്പോഴാണ് ഞാൻ ഹിന്ദി സിനിമയിൽ അഭിനയിക്കുന്നത്. അതാണ് ഏറ്റവും വലിയ കോമഡി! മോഹൻലാലും മമ്മൂട്ടിയുമൊക്കെ അഭിനയിക്കുന്ന ഏതെങ്കിലുമൊരു സിനിമയിൽ ഒരു വേഷം കിട്ടിയാൽ മതി എന്ന് ആഗ്രഹിച്ചുനടക്കുന്ന എനിക്കാണ് ബോളിവുഡിൽ നിന്ന് അവസരം കിട്ടുന്നത്. സ്വപ്നം സത്യമായി എന്നൊന്നും പറയാനാവില്ല. കാരണം, അങ്ങനെയൊരു സ്വപ്നമേ ഉണ്ടായിരുന്നില്ല.
മുംബൈയിലും നേപ്പാളിലും പട്നയിലുമായിരുന്നു ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡി’ന്റെ ഷൂട്ടിംഗ്. അനുരാഗ് കശ്യപിന്റെ അസോസിയേറ്റ് ആയിരുന്ന രാജ് കുമാർ ഗുപ്തയാണു സംവിധായകൻ. അമീർ, നോ വണ് കിൽഡ് ജെസീക്ക, ഗഞ്ചക്കർ, അജയ് ദേവ്ഗണ് നായകനായ റെയ്ഡ് തുടങ്ങിയ സിനിമകളുടെ സംവിധായകൻ.
‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ ഒരു റിയൽ ലൈഫ് സ്റ്റോറിയാണ്. ഇന്ത്യയിലുടനീളം ബോംബ് സ്ഫോടനങ്ങൾ നടത്തിയ ഒരു ടെററിസ്റ്റിനെ ആയുധങ്ങളൊന്നുമില്ലാതെ അഞ്ച് ഐബി ഓഫീസർമാർ പിടികൂടാൻ പോകുന്നതിന്റെയും ഒരു വെടിയുണ്ട പോലും പാഴാക്കാതെ ആ ടെററിസ്റ്റിനെ പിടിച്ചുകൊണ്ടുവരുന്നതിന്റെയും കഥ. ‘ഇന്ത്യയുടെ ഒസാമ ബിൻലാദൻ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ടെററിസ്റ്റിനെയാണ് സാധാരണക്കാരായ അഞ്ച് ഐബി ഓഫീസർമാർ രാജ്യസ്നേഹമൊന്നുകൊണ്ടുമാത്രം പോയി പിടിച്ചുകൊണ്ടുവരുന്നത്.
അതിൽ ഒരു ഐബി ഓഫീസറായിട്ടാണ് ഞാൻ അഭിനയിച്ചത്. പിള്ള എന്ന സൗത്ത് ഇന്ത്യൻ കഥാപാത്രം. റിയൽ ലൈഫ് കാരക്ടറാണ്. ഫോട്ടോഷൂട്ട് ചെയ്തിരുന്നുവെങ്കിലും ഈ സിനിമയുടെ പോസ്റ്ററിൽ ഇത്രയും പ്രാധാന്യം കിട്ടുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിൽ എല്ലാവർക്കുമുള്ള പ്രാധാന്യം എന്താണോ അതുപോലെതന്നെ പോസ്റ്ററിലും വന്നിട്ടുണ്ട്. ഈ മാസം 24 നു ചിത്രം തിയറ്ററുകളിലെത്തും.
അർജുൻ കപൂറിനൊപ്പം
അർജുൻ കപൂറുമായി ഉടനീളം കോംബിനേഷൻ ഉണ്ടായിരുന്നു. കപൂർ ഫാമിലി എന്ന വലിയ സിനിമാകുടുംബത്തിലെ അംഗമാണല്ലോ അദ്ദേഹം. മുഖത്തുനോക്കി കാര്യങ്ങൾ പറയും. പക്ഷേ ആരെയും ഇൻസൾട്ട് ചെയ്യില്ല. ഷൂട്ടിംഗ് കാണാനെത്തുന്നവരോടും വളരെ സ്നേഹത്തോടും മാന്യതയോടുമാണ് അദ്ദേഹം പെരുമാറുന്നത്. അഞ്ച് ഐബി ഓഫീസേഴ്സിൽ ഒരാളായി അഭിനയിച്ച പ്രവീണ് സിംഗ് സിസോഡിയ തിയറ്റർ ആർട്ടിസ്റ്റു കൂടിയാണ്. മറ്റൊരാൾ ടെലിവിഷൻ വെബ് സീരിസിൽ അഭിനേതാവാണ്. ബാക്കി രണ്ടു പേർ എന്നെപ്പോലെ പുതിയ ആളുകളാണ്. വലിയ ഒരു സ്റ്റാറും വേറെ നാലു പേരും… അങ്ങനെയായിരുന്നില്ല ഞങ്ങൾ.
അഞ്ചുപേർക്കും ഒരേപോലെ തന്നെ അടുപ്പവും ബന്ധവുമുണ്ടെന്നു സ്ക്രീനിൽ കാണുന്പോൾ ഫീൽ ചെയ്യണം. ആ കെമിസ്ട്രിയുണ്ടാക്കാൻ അർജുൻ കപൂർ നന്നായി ശ്രമിച്ചിട്ടുണ്ട്. ഞങ്ങളുമായി ഏറെ അടുത്ത് ഇടപഴകി. എട്ടു മണിക്ക് ഷോട്ട് ആണെങ്കിൽ ഏറ്റവുമാദ്യം എത്തുന്നത് അദ്ദേഹമായിരുന്നു. ഹീറോ തന്നെ അങ്ങനെ വരുന്പോൾ മറ്റുള്ളവർക്കും മറ്റു വഴികളില്ലായിരുന്നു. കമിറ്റഡായ ഹീറോ. ഒന്നും ഡിമാൻഡ് ചെയ്യുന്ന നടനല്ല അർജുൻ കപൂർ. വർഷങ്ങളോളം അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിരുന്നതിനാൽ ഡയറക്ടറുടെ ബുദ്ധിമുട്ടുകളും യത്നങ്ങളും അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.
തിരികെ മധുരരാജയിൽ
തിരിച്ചു മധുരരാജയുടെ ലൊക്കേഷനിലെത്തി. വളരെ അടുപ്പമുള്ളവരോടുമാത്രമേ ഹിന്ദി സിനിമയുടെ കാര്യം പറഞ്ഞിരുന്നുള്ളൂ. മധുരരാജയിൽ എന്റെ കോംബിനേഷൻ ഏറെയും മമ്മൂക്കയുമായും സീനിയർ നടന്മാരുമായും ആയിരുന്നു. ഞാൻ തെറ്റിക്കുന്നതുകൊണ്ടോ എന്റെ കുഴപ്പം കൊണ്ടോ ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ പാടില്ലെന്ന വിചാരം എപ്പോഴുമുണ്ടായിരുന്നു. കാരണം, വലിയ ഒരു സിനിമയല്ലേ. പോരെങ്കിൽ, ഞാൻ ഇന്നേവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള വലിയ വേഷവും.
പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല. വലിയ സിനിമയെന്നു പുറത്തുനിന്ന് ആളുകൾ പറയുന്നുവെന്നല്ലാതെ വളരെ നോർമലായി ഒരു സിനിമയുണ്ടാക്കാൻ എല്ലാവരും ഒരുമിച്ചുനിന്ന് പണിയെടുക്കുന്ന ഫീൽ ആയിരുന്നു ലൊക്കേഷനിൽ. 17 വർഷമായി സിനിമയിൽ അലഞ്ഞുതിരിയുന്നു, ഒരു നല്ല വേഷം കിട്ടട്ടെ എന്നുകരുതി വൈശാഖും ഉദയകൃഷ്ണയും എനിക്കുവേണ്ടി മാറ്റിവച്ച വേഷം – അതായിരുന്നു എംഎൽഎ ക്ലീറ്റസ്. കാരക്ടർ ഇംപ്രോവൈസ് ചെയ്യാൻ വൈശാഖ് എനിക്ക് ഏറെ ഫ്രീഡം തന്നു.
ടെലിവിഷൻ ആങ്കർ ആയിരുന്നതിനാൽ കൈ കൊണ്ടുള്ള ആക്ടിവിറ്റീസ് എനിക്കു കൂടുതലായിരുന്നു. കൈയുടെ ആക്ടിവിറ്റീസ് കുറച്ചാൽ നന്നായിരിക്കുമെന്ന് മമ്മൂക്ക ഷൂട്ടിംഗ് സമയത്ത് ആരുമറിയാതെ എന്നോടു പറഞ്ഞിട്ടുണ്ട്. ഷൂട്ടിംഗിനുശേഷം സിനിമയുടെ ഫംഗ്ഷനുകൾ നടന്നപ്പോൾ എന്നെപ്പറ്റി അദ്ദേഹം വളരെ നല്ല വാക്കുകൾ പറഞ്ഞു; എന്റെ ജീവിതത്തിൽ നല്ല മാറ്റം ഉണ്ടാക്കാൻ പോകുന്ന കാരക്ടറാണു ഞാൻ ചെയ്യുന്നതെന്നും. സിനിമ ഇറങ്ങിയശേഷം ഞങ്ങൾ നേരിൽ കണ്ടപ്പോൾ ‘എങ്ങനെയുണ്ടെടാ…നിന്റെ ലൈഫ് മാറിയില്ലേ’ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
സണ്ണി ലിയോണിനൊപ്പം നൃത്തരംഗത്തിൽ
മധുരരാജ കണ്ട് തിയറ്ററിൽ നിന്ന് ഇറങ്ങിവരുന്നവർ ഞാൻ നന്നായി അഭിനയിച്ചു എന്നു പറയുന്നതു കേൾക്കാനാണ് ആഗ്രഹിച്ചത്. പക്ഷേ, ഞാൻ നന്നായി ഡാൻസ് ചെയ്തിട്ടുണ്ടെന്നാണ് എല്ലാവരും പറഞ്ഞത്. സണ്ണി ലിയോണിനൊപ്പം ഒരു നൃത്തരംഗത്തിൽ പ്രത്യക്ഷപ്പെടേണ്ടിവന്നു. അതു തിയറ്ററിൽ വലിയ ചിരിയുണ്ടാക്കിയ ഒരു സീനാണ്.
ഒരു പുതുമുഖത്തെപ്പോലെയാണ് അവർ ലൊക്കേഷനിൽ വന്നത്. എല്ലാവരോടും അങ്ങേയറ്റത്തെ ബഹുമാനം, സമയകൃത്യത, എല്ലാവരോടും നല്ല രീതിയിലുള്ള ഇടപെടൽ…വളരെ നല്ല ഒരു സ്ത്രീയെന്ന രീതിയിലാണ് എനിക്കു തോന്നിയത്. എല്ലാവരുടെയും ആഗ്രഹപ്രകാരം ഒപ്പം നിന്നു സെൽഫിയെടുത്താണ് സണ്ണിലിയോണ് സെറ്റിൽ നിന്നു മടങ്ങിയത്.
മധുരരാജയ്ക്കുശേഷം…
മധുരരാജ ചെയ്തുകൊണ്ടിരുന്നപ്പോൾ അനൂപ് മേനോൻ സംവിധാനം ചെയ്ത ‘കിംഗ് ഫിഷ്’, പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന സണ്ണി വെയ്ൻ ചിത്രം ‘അനുഗൃഹീതൻ ആന്റണി’ എന്നിവയിൽ അഭിനയിച്ചു. മധുരരാജ റിലീസ് ആയതിനുശേഷം സത്യരാജിന്റെ മകൻ സിബി സത്യരാജും രമ്യാനന്പീശനും അഭിനയിച്ച ഒരു തമിഴ് ചിത്രത്തിൽ വേഷമിട്ടു. അതിൽ നല്ല വേഷമാണ്.
എന്റെ സ്വദേശം മല്ലപ്പള്ളി. ജോലി സംബന്ധമായി എറണാകുളത്താണ് താമസം. ഭാര്യ ഷീബ തിരുവല്ല മർത്തോമ കോളജിൽ ഇംഗ്ലീഷ് അധ്യാപിക. മൂത്ത മകൻ രക്ഷിത് നാലാം ക്ലാസിൽ. ഇളയ മകൻ മന്നവ്.
ടി.ജി.ബൈജുനാഥ്