ഗുണ്ടൂർ: എഴുപത്തിയെട്ടാമത് ഇന്റര്‍ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ മംഗളൂരു യൂണിവേഴ്സിറ്റി ഓവറോള്‍ ചാമ്പ്യന്മാരായപ്പോള് വനിതാ വിഭാഗത്തില്‍ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിലും മംഗളൂരുവാണ് ചാമ്പ്യന്മാർ. 177 പോയിന്റുമായാണ് മംഗളൂരു ഓവറോള്‍ ചാമ്പ്യന്മാരായത്. 111.5 പോയിന്റുമായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രണ്ടാമതും 89 പോയിന്റുള്ള കാലിക്കട്ട് യൂണിവേഴ്സിറ്റി മൂന്നാമതുമെത്തി.
വനിതകളുടെ പ്രകടനമാണ് എംജിയെ രണ്ടാം സ്ഥാനത്തെത്തിക്കാന്‍ സഹായകമായത്. ഇത് 28-ാം തവണയാണ് എംജി വനിതാ വിഭാഗത്തില്‍ ചാമ്പ്യന്മാരാകുന്നത്. എംജിക്ക് 75.5 പോയിന്റുണ്ട്. മംഗളൂരു രണ്ടാംസ്ഥാനത്തെത്തി. 44 പോയിന്റുള്ള കാലിക്കട്ട് യൂണിവേഴ്സിറ്റി മൂന്നാമതുമെത്തി. പുരുഷ വിഭാഗത്തില്‍ 116 പോയിന്റുമായി മംഗളൂരു ചാമ്പ്യന്മാരായപ്പോള് 45 പോയിന്റുമായി കാലിക്കട്ട് മൂന്നാമതെത്തി. 36 പോയിന്റുമായി എംജി നാലാമതും.
മീറ്റിലെ മികച്ച വനിത അത്ലറ്റായി കാലിക്കട്ടിന്റെ ജിസ്ന മാത്യു തെരഞ്ഞെടുക്കപ്പെട്ടു. 400 മീറ്ററിലെ പ്രകടനമാണ് ജിസ്നയെ മികച്ച താരമാക്കിയത്. എംജിയുടെ വിസ്മയ വി.കെ. മൂന്നാമതും പൂന യൂണിവേഴ്സിറ്റിയുടെ സഞ്ജീവനി ജാദവിനായിരുന്നു രണ്ടാം സ്ഥാനം. പുരുഷ വിഭാഗത്തില്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍നിന്നുള്ള അത്ലറ്റുകള്‍ക്ക് ആദ്യ സ്ഥാനങ്ങളില്‍ എത്താനായില്ല. എന്നാല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ മലയാളി അത്ലറ്റ് അമോജ് ജേക്കബ് ഒന്നാം സ്ഥാനത്തെത്തി.
ഇന്നലെ എംജി യൂണിവേഴ്സിറ്റി രണ്ടു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി. കാലിക്കട്ട് ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടി. കേരള യൂണിവേഴ്സിറ്റി രണ്ടു വെങ്കലം സ്വന്തമാക്കി.
ജിസ്നയെ തോൽപ്പിച്ച് വിസ്മയ
വനിതകളുടെ 200 മീറ്ററില്‍ എംജിയുടെ വിസ്മയ വി.കെ. പുതിയ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടി. 23.90 സെക്കന്‍ഡിലാണ് വിസ്മയ ഫിനിഷ് ചെയ്തത്. 1992ല്‍ ബോംബെ യൂണിവേഴ്സിറ്റിയുടെ സെനിയ അയേര്ടോം സ്ഥാപിച്ച 24.00 സെക്കന്‍ഡിന്റെ 25 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ് വിസ്മയ തിരുത്തിയത്. കാലിക്കട്ടിന്റെ ഒളിമ്പ്യന്‍ ജിസ്ന മാത്യുവിനെ പിന്തള്ളിയാണ് വിസ്മയ സ്വര്‍ണത്തിലേക്കു കുതിച്ചത്. 23.98 സെക്കന്‍ഡിലാണ് ജിസ്ന ഫിനിഷ് ചെയ്തത്. ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഒന്നാംവർഷ എംഎസ്ഡബ്ള്യു വിദ്യാർഥിയാണ് വിസ്മയ.