മുംബൈ: രാജ്യത്തു പലിശനിരക്ക് കൂടുന്നു. ഭവനവായ്പകളുടെയും മറ്റും പ്രതിമാസ അടവ് (ഇഎംഐ) വർധിക്കുകയോ വായ്പാ കാലാവധി നീളുകയോ ചെയ്യും.
ഈയിടെ പല ബാങ്കുകളും സ്ഥിരനിക്ഷേപ പലിശ കൂട്ടിയിരുന്നു. അതു ചൂണ്ടിക്കാട്ടിയാണു വായ്പാപലിശ വർധിപ്പിച്ചിട്ടുള്ളത്. നാളെ റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി ത്രിദിന യോഗം തുടങ്ങും. ബുധനാഴ്ചയേ യോഗതീരുമാനം പ്രഖ്യാപിക്കൂ.
ജനുവരി-മാർച്ച് ത്രൈമാസത്തിൽ 7.7 ശതമാനം സാന്പത്തികവളർച്ച ഉണ്ടായതും പണപ്പെരുപ്പ പ്രവണത തിരിച്ചുവന്നതും കണക്കിലെടുത്ത് പലിശ കൂട്ടാൻ റിസർവ് ബാങ്ക് തീരുമാനിക്കുമെന്നു പലരും കരുതുന്നു. എന്നാൽ, തത്കാലം റിപ്പോ നിരക്ക് (ആറുശതമാനം) മാറ്റാതെ പലിശകൂട്ടൽ ഓഗസ്റ്റിലേക്കു നീട്ടുമെന്നു കരുതുന്നവരുമുണ്ട്. അമേരിക്കയിലെ ഫെഡറൽ റിസർവും പലിശ കൂട്ടൽ മെല്ലെയാണു നടത്തുന്നത്. അതുകൊണ്ട് ഇവിടെയും നിരക്കുകൂട്ടൽ മെല്ലെയാക്കാം.
എന്തായാലും പലിശകൾ ഇനിയും മേലോട്ടാണ് എന്നതിൽ സംശയമില്ല. എസ്ബിഐയുടെ നേതൃത്വത്തിൽ വിവിധ ബാങ്കുകൽ ഒന്നാം തീയതിയാണു പലിശ കൂട്ടിയത്. എല്ലാ കാലാവധികളിലും 0.10 ശതമാനമാണ് എസ്ബിഐ പലിശ കൂട്ടിയത്. പഞ്ചാബ് നാഷണൽ ബാങ്ക് ആറുമാസം മുതൽ ഒരു വർഷം വരെ 0.05 ശതമാനവും അതിനു മുകളിൽ 0.10 ശതമാനവും കൂട്ടി.
ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളും ഭവനവായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്സിയും സമാനതോതിൽ പലിശ കൂട്ടി.