റിസർവ് ബാങ്ക് യാഥാർഥ്യം കാണണമെന്നു ഗവൺമെന്റ്. യാഥാർഥ്യം സന്തോഷകരമല്ലെന്നു റിസർവ് ബാങ്ക്. വിഷയം പലിശയാണ്. പലിശനിരക്ക് കുറയണമെന്നു ഗവൺമെന്റ്. പലിശ കുറഞ്ഞുനിന്നാൽ നിക്ഷേപം കൂടും; വരുമാനം കൂടും. സാന്പത്തിക മുരടിപ്പു മാറും. ഇതാണു പ്രതീക്ഷ. ചില്ലറവിലക്കയറ്റമൊക്കെ കുറവാണെന്ന യാഥാർഥ്യം കാണാനാണു ഗവൺമെന്റ് ആവശ്യപ്പെടുന്നത്.
വിലക്കയറ്റത്തിന് ആധാരമായ ഘടകങ്ങളിൽ മാറ്റമില്ലെന്നു റിസർവ് ബാങ്ക്. ചില്ലറ വിലക്കയറ്റം സെപ്റ്റംബറിൽ 3.28 ശതമാനം; ഒക്ടോബറിൽ 3.58 ശതമാനം. ഉത്പന്നവിലകൾ ആഗോളതലത്തിൽ വർധിക്കുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 64 ഡോളറിനടുത്ത്. രണ്ടു മാസംകൊണ്ടു പത്തു ശതമാനമാണു കയറ്റം.
പലിശ കുറയ്ക്കാൻ സമയമായില്ലെന്നു റിസർവ് ബാങ്ക് പറയുന്നതിനു പല ന്യായങ്ങൾ നിരത്താനുണ്ട്. ഗവൺമെന്റാകട്ടെ റിസർവ് ബാങ്ക് പണപ്പെരുപ്പത്തെപ്പറ്റി പ്രവചിച്ചത് അത്ര കണ്ടു കൃത്യമായിരുന്നില്ല എന്നാണു ചൂണ്ടിക്കാട്ടുന്നത്.
അടിസ്ഥാന പലിശനിരക്കായ റീപോ നിരക്ക് ഒരു ശതമാനം കുറയ്ക്കാൻ (ആറിൽനിന്ന് അഞ്ചു ശതമാനത്തിലേക്ക്) പഴുതുണ്ടെന്നാണു പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശകസമിതിയിലെ ഡോ. അഷിമ ഗോയൽ പറയുന്നത്. മുന്പ് റിസർവ് ബാങ്കിന്റെ പണനയകാര്യത്തിലെ സാങ്കേതിക ഉപദേശകസമിതിയിലുണ്ടായിരുന്നയാളാണു ഗോയൽ. പണപ്പെരുപ്പത്തേക്കാൾ ഒരു ശതമാനം കൂടിനിന്നാൽ മതി പലിശനിരക്ക് എന്നാണ് അവരുടെ വാദം.
ഇന്നും നാളെയും റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) സമ്മേളിക്കും. പലിശ കുറയ്ക്കാൻ തീരുമാനിക്കില്ല എന്നാണു പൊതുവിലയിരുത്തൽ. അടുത്തയാഴ്ച അമേരിക്കൻ കേന്ദ്രബാങ്ക് ഫെഡ് നിരക്ക് കാൽ ശതമാനം വർധിപ്പിക്കാനിടയുണ്ട്. അപ്പോൾ ഇന്ത്യ നിരക്ക് കുറച്ചാൽ ഇവിടെനിന്നു വിദേശനിക്ഷേപകർ പണം വലിക്കും.
വേറൊരു കാര്യംകൂടി റിസർവ് ബാങ്കിനെ അലട്ടുന്നു. ഗവൺമെന്റിന്റെ ബജറ്റ് അപകടനിലയിലാണ്. വരുമാനം പ്രതീക്ഷയിലും കുറവായി. ധനകമ്മിപരിധി പാലിക്കാൻ പറ്റിയെന്നുവരില്ല. അപ്പോൾ ഗവൺമെന്റ് കൂടുതൽ കടമെടുക്കും.
ഫെബ്രുവരി ഒന്നിനു കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഈ സർക്കാരിന്റെ അവസാനത്തെ പൂർണബജറ്റാണത്. വോട്ട് കിട്ടാനായി കൈയടി നേടാവുന്ന നടപടികൾ അതിൽ പ്രഖ്യാപിക്കും. ആ സാധ്യതയും പലിശ കുറയ്ക്കാതിരിക്കാൻ പണനയ കമ്മിറ്റിയെ പ്രേരിപ്പിക്കും. പണനയ കമ്മിറ്റിയിലെ റിസർവ് ബാങ്ക് നോമിനി മൈക്കൽ പത്ര കഴിഞ്ഞ യോഗത്തിൽത്തന്നെ പലിശ കൂട്ടുന്നതിന് അരങ്ങൊരുങ്ങുന്നതായി പറഞ്ഞതു തള്ളിക്കളയാവുന്നതല്ല.
റ്റി.സി. മാത്യു