കടുത്തുരുത്തി: സമീപവാസിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ മാരകായുധം ഉപയോഗിച്ചു ആക്രമിക്കുകയും പീഡിപ്പിക്കാനും ശ്രമിക്കുന്നതിനിടെ സ്വരക്ഷയ്ക്കായി വീട്ടുകാര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ നിരവധി കേസുകളിലെ പ്രതിയായ മധ്യവയസ്ക്കന് മരിച്ച സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിരയായ വീട്ടമ്മയുടെ മൊഴിയനുസരിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കാപ്പുന്തല പാലേക്കുന്നേല്‍ സജി ഭാസ്കരന് (55) ആണ് മരിച്ചത്. സജിയുടെ സംസ്ക്കാരം ഇന്ന് നടക്കും.
സജിയുടെ ആക്രമണത്തില്‍ വീട്ടമ്മ ഉള്‍പെടെ മൂന്നുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്നലെ ഉച്ചയ്ക്കു 12 ഓടെ കാപ്പുന്തലയിലാണ് നാടിനെ നടുക്കിയ സംഭവം.
നീരാളത്തില്‍ സി.സി. ജോസഫിന്റെ (ബേബി) ഭാര്യ അന്ന (മോളി-60), ബേബിയുടെ സഹോദരങ്ങളായ സി.സി. രാജു (60-റിട്ട ബിഎസ്എഫ്ഐ എസ്ഐ), സി.സി. ജോണ്‍ (62-റിട്ട സെന്‍ട്രല്‍ സ്കൂള്‍) എന്നിവര്‍ക്കാണ് സജിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
വയറ്റിൽ കുത്തേറ്റു
വയറില്‍ കുത്തേറ്റ് സാരമായി പരിക്കേറ്റ രാജു തെള്ളകത്തെ ആശുപത്രിയില്‍ ഐസിയുവിലും ജോണും മോളിയും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിലും ചികിത്സയിലാണ്. മോളിയുടെ മുഖം പലതവണ ഭിത്തിയിലിടിപ്പിച്ചും കത്തിക്കു കുത്തിയും സജി സാരമായി പരിക്കേല്പിച്ചിരുന്നു.
ഇവരുടെ വസ്ത്രങ്ങളും വലിച്ചു കീറി. സംഭവത്തെ കുറിച്ചു പോലീസ് പറയുന്നത്. ഉച്ചയോടെ ബേബിയുടെ വീട്ടിലെത്തിയ സജി, കോളിംഗ് ബെല്ലടിച്ചതിനെ തുടര്‍ന്ന് മോളിയെത്തി വാതില്‍ തുറന്നു.
മോളി ഫോണ്‍ വിളിച്ചുക്കൊണ്ടിരിക്കുമ്പോളാണ് സജിയെത്തുന്നത്. ബേബി കല്ലറയില്‍ സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ്, മോളി തനിച്ചാണെന്നു മനസിലാക്കി സജിയെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു.
മാസ്ക്കും തൊപ്പിയും
വാതില്‍ തുറന്നയുടന്‍ സജി, മോളിയെ ആക്രമിച്ചു കീഴ്പെടുത്തുകയായിരുന്നു. മാസ്ക്കും തൊപ്പിയും വച്ചിരുന്നതിനാല്‍ മോളിക്കു സജിയെ മനസിലായില്ല. സജിയുടെ ആക്രമണത്തിനിടെ മോളി ഭയന്നു നിലവിളിച്ചു.
ഈ സമയം സമീപത്ത് താമസിക്കുന്ന ബേബിയുടെ സഹോദരന് ജോണ്‍ ബേബിയുടെ വീട്ടിലേക്കു വരികയായിരുന്നു. മോളിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ജോണ്‍, സജിയെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഇരുവരെയും സജി ആക്രമിച്ചു കീഴ്പെടുത്തി.
ഇവരുടെ നിലവിളി കേട്ടാണ് സമീപത്തുതന്നെ താമസിക്കുന്ന രാജു ഓടിയെത്തുന്നത്. രാജുവിനെ ആക്രമിച്ച സജി കത്തിക്കു വയറ്റില്‍ കുത്തുകയായിരുന്നു. ഇതിനിടെ സ്വരക്ഷയ്ക്കായി കുടുംബാംഗങ്ങള്‍ നടത്തിയ പ്രത്യാക്രമണത്തിലാണ് സജിക്കു സജിക്കു സാരമായി പരിക്കേല്‍ക്കുന്നത്.
നിലവിളിയും കരച്ചിലും കേട്ടു ബന്ധുക്കളും നാട്ടുകാരും ഓടിയെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ കടുത്തുരുത്തി പോലീസ് സജിയെ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരിച്ചു.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്…
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സജിയുടെ ഭാര്യയും മൂന്ന് മക്കളും ആത്മഹത്യ ചെയ്തിരുന്നു. ഇതില്‍ അയല്‍വാസികള്‍ക്ക് പങ്കുെണ്ടന്ന് വിശ്വസിച്ചിരുന്ന സജി പലതവണ ഇവരെ ആക്രമിച്ചിരുന്നു.
2017 ല്‍ ബേബിയുടെ സഹോദരന് നീരാളത്തില്‍ തോമസിനെ വണ്ടി ഇടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സജി, അയല്‍വാസിയായ പാലേക്കുന്നേല്‍ അജിത് കുമാറിനെ കമ്പി വടിക്കടിച്ചു ഗുരുതരമായി പരിക്കേല്പിക്കുയും ചെയ്തിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് ഡി. ശില്പയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സംഭവം നടന്ന വീട്ടിലെത്തിയിരുന്നു.