കോട്ടയം: കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളുടെ ഇന്ദിരാഗാന്ധി അനുസ്മരണം ചർച്ചയാകുന്നു. ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തിയ യോഗമാണു ഇപ്പോൾ കോണ്‍ഗ്രസിൽ പുതിയ ചർച്ചയാകുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗം സീനിയർ നേതാക്കളുടെ നേതൃത്വത്തിലാണു ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചത്.
പഴയ ഐ ഗ്രൂപ്പെന്ന് അവകാശപ്പെടുന്ന ജില്ലയിലെ സീനിയർ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ തിരുനക്കരയിൽ അനുസ്മരണസമ്മേളനം നടത്തിയത്. 1978 മുതൽ ഇന്ദിരാഗാന്ധിയോടൊപ്പംനിന്നു പ്രവർത്തകരാണു തങ്ങളെന്നാണ് നേതാക്കൾ അവകാശപ്പെട്ടത്. യോഗം ഗായിക മാതംഗി സത്യമൂർത്തി ഉദ്ഘാടനം ചെയ്തു. കർഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സണ്ണി കല്ലൂർ അധ്യക്ഷത വഹിച്ചു.
കെപിസിസി മുൻ സെക്രട്ടറി പി.കെ. ഗോപി മുതിർന്ന പ്രവർത്തകരെ ആദരിച്ചു. തോമസ് വി. കൊണ്ടോടി, ജോർജി തോമസ്, അനിയൻ മാത്യു, പ്രഫ. മാത്യു ടി. രാജു, ആന്റണി ചങ്ങനാശേരി, ആന്റണി വർഗീസ്, അനിയൻ ഫിലിപ്പ്, കെ.എസ്. അനിൽകുമാർ, വർഗീസ് ചെന്പോല, വി.കെ. രാജൻ, നെടുംകുന്നം മുഹമ്മദ്, കെ.സി. ഷാജി എന്നിവർ പ്രസംഗിച്ചു.