കോട്ടയം: ഐഎന്‍ടിയുസി ജില്ലാ സമ്മേളനം 13, 14ന് വൈക്കത്തു നടക്കും. 13ന് ഉച്ചകഴിഞ്ഞ് മൂന്നിന് വലിയകവലയില്നിന്ന് കാല് ലക്ഷം തൊഴിലാളികള്‍ പങ്കെടുക്കുന്ന റാലിയോടെ സമ്മേളനം ആരംഭിക്കും.
കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബ് റാലി ഉദ്ഘാടനം ചെയ്യും. വടക്കേനട, പടിഞ്ഞാറെനട കച്ചേരികവല വഴി ജെട്ടി മൈതാനിയില്‍ റാലി എത്തിച്ചേരും.
തുടര്‍ന്നു ചേരുന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കെപിസിസി അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കന്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.
ജില്ലയിലെ അഫിലിയേറ്റഡ് യൂണിയനുകളുടെ ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാര്‍ മുതല്‍ മുകളിലേക്കുള്ള ഭാരവാഹികളും ഉള്‍പ്പെടെ തെരഞ്ഞെടുക്കപ്പെട്ട 50 പേര് പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനം 14നു രാവിലെ 10ന് സത്യഗ്രഹ മെമ്മോറിയല്‍ ഹാളിലെ ഉമ്മന്‍ ചാണ്ടി നഗറില്‍ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും.
തൊഴിലാളി വിരുദ്ധ നയങ്ങള്‍ തുടരുന്ന മോദി-പിണറായി സര്‍ക്കാരുകള്‍ക്കെതിരേ ശക്തമായ സമരപരിപാടികള്‍ക്കു സമ്മേളനം രൂപം നല്‍കും.
ബൂത്ത് തലത്തില്‍ അഞ്ചംഗ അതിഥിതൊഴിലാളി സ്ക്വാഡുകളും രൂപീകരിക്കും. വെളളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി, ഇലക്ട്രോ കെമിക്കല്‍സ്, നാട്ടകം സിമന്റ്സ് ഉള്‍പ്പെടെ ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ സമരങ്ങളും സമ്മേളനത്തില്‍ തീരുമാനിക്കും.
പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, സംസ്ഥാന വൈസ്പ്രസിഡന്റ് അനിയന് മാത്യു, സെക്രട്ടറി പി.പി. തോമസ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോമോന് കുളങ്ങര, പി.വി. പ്രസാദ്, നന്തിയോട് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.