കൊല്ലം: പ്രളയത്തിലും സാമ്പത്തിക മാന്ദ്യത്തിലും തകര്‍ന്ന ലോട്ടറി തൊഴിലാളികളെയും ലോട്ടറി വ്യാപാരികളെയും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യാപകമായി ദ്രോഹിക്കുന്നതായി ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ ടിയുസി. )കൊല്ലം ജില്ലാ കമ്മിറ്റി ആരോപിച്ചു.
ലോട്ടറിയെ സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികളെല്ലാം തന്നെ ലോട്ടറി തൊഴിലാളികളെയും വ്യാപാരികളെയും ദ്രോഹിച്ചുകൊണ്ടുള്ളതാണന്നും ഐഎൻടിയുസി ആരോപിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ ലോട്ടറി കടകളില്‍ കയറിയും തൊഴിലാളികളെ നേരിട്ടും ഭീഷണിപ്പെടുത്തുകയാണ്.
ബന്ദോ ഹര്‍ത്താലോ വരുന്ന ദിവസങ്ങളില്‍ ടിക്കറ്റ് മൊത്തം എടുക്കുവാന്‍ ഏജന്റുമാരെ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണ്. പോലീസിനെ ഉപയോഗിച്ച് അനുവദനീയമായ കാര്യങ്ങളില്‍ തൊഴിലാളികളെ ദ്രോഹിക്കുന്നതിനെതിരെയും ലോട്ടറിയില്‍ വേണ്ടുന്ന പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്താത്തതിലും പ്രധിഷേധിച്ച് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആന്റ് സെല്ലേഴ്സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നവംബര്‍ 15 ന് സംസ്ഥാന സെക്രട്ടറിയേറ്റിനുമുന്നില്‍ ഉപവാസം സമരം നടത്തുവാനും തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് ഒ.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന പ്രസിഡന്റ് ഫിലിപ് ജോസഫ് ഉദ്ഘാടനം ചെയ്തു. വടക്കേവിള ശശി, പള്ളിമുക്ക് എച്ച്.താജുദീന്, വിളയത്ത് രാധാകൃഷ്ണന്, എം.എസ്.ശ്രീകുമാര്‍, എസ്.സലാഹുദീന്‍, പി.സി.കുഞ്ഞുമോന്, തൊളിക്കല്‍ സുനില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.