നെന്മാറ:ഐ.എൻ.ടി.യു.സി തൊഴിലാളിയെ മർദ്ദിച്ച സംഭവത്തിൽ പ്രതികളെ ഒഴിവാക്കുന്നുവെന്നാരോപിച്ച് ഐ.എൻ.ടി.യു.സി., കോണ്ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നെന്മാറ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കഴിഞ്ഞ ഡിസംബർ 18 ന് വക്കാവിൽ വെച്ച് പേഴുംപാറ ഐ.എൻ.ടി.യു.സി. തൊഴിലാളിയായ പരമനെ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. ആക്രമണത്തിൽ പരമന് ഗുരുതരമായി പരിക്കേറ്റിരുന്നു.
സംഭവത്തിൽ പരമന്റെ മൊഴിയുടെ അടസ്ഥാനത്തിൽ ആദ്യം മൂന്നുപേർക്കെതിരെയും, പിന്നീട് 11 പേർക്കെതിരെയും നെന്മാറ പോലീസ് കേസെടുത്തിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി കേസിൽ ഉൾപ്പെട്ട അഞ്ചുപേരെ പ്രതിസ്ഥാനത്തു നിന്ന് മാറ്റുവാൻ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഐ.എൻ.ടി.യു.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചത്.
തുടർന്ന് സി.ഐ. ടി.എൻ. ഉണ്ണികൃഷ്ണനുമായി നടത്തിയ ചർച്ചയിൽ ആരെയും ഒഴിവാക്കില്ലെന്നും, അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അറിയിച്ചതോടെ സമരം അവസാനിപ്പിച്ചത്.ഡി.സി.സി.വൈസ് പ്രസിഡന്റ് എ.സുമേഷ്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സി.സി.സുനിൽ, സജേഷ് ചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം എസ്.വിനോദ്, കെ.ഐ. അബ്ബാസ്, രാജീവ്,പരമൻ, തുടങ്ങിയവർ നേതൃത്വം നൽകി.