വൈപ്പിൻ: മാലിപ്പുറത്ത് ഫ്ലാറ്റ് നിർമാണ സൈറ്റിലെ തൊഴിലുമായി ബന്ധപ്പെട്ട് ഐഎൻടിയുസിയിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പുതഹയ സംഭവ വികാസങ്ങളിലേക്ക് തിരിയുന്നു. മുൻ ജില്ലാ പ്രസിഡന്റ് കെ.പി.ഹരിദാസ് നേതൃത്വം നൽകുന്ന എറണാകുളം ജില്ല കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയനും ഇപ്പോഴത്തെ പ്രസിഡന്റ് ഇബ്രാഹിം കുട്ടി നേതൃത്വം നൽകുന്ന എറണാകുളം ജില്ല കൺസ്ട്രക്ഷൻ ആൻഡ് അലൈഡ് വർക്കേഴ്സ് യൂണിയനും തമ്മിലാണ് തർക്കം.
കെ.പി.ഹരിദാസിന്റെ യൂണിയൻ ഒറിജിനലല്ല വ്യാജനാണെന്നാണ് മറുവിഭാത്തിന്റെ ജില്ലാ ജനറൽ സെക്രട്ടറി ഷാജി പുത്തലത്ത്, വൈസ് പ്രസിഡന്റ് അരുൺ ഗോപി എന്നിവർ ബന്ധപ്പെട്ട വകുപ്പിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ രേഖകൾ വച്ച് ആരോപിക്കുന്നത്.
1976 ൽ മറൈൻ ഡ്രൈവ് വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ രജിസ്റ്റർ ചെയ്തത ശേഷം ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്ത യൂണിയൻ പിൽക്കാലത്ത് രേഖകളിൽ മാറ്റം വരുത്തി പേരു മാറ്റിയതാണെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ ഹരിദാസ് വിഭാഗം ഇതുവരെ ഈ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.
ഇതിനിടെ ഇത് സംബന്ധിച്ച് മറുവിഭാഗം സംസ്ഥാന കമ്മിറ്റിക്ക് നൽകിയ പരാതിയിൽ വിഷയം ചർച്ച ചെയ്യാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായാണ് അറിവ്. നീതി നടപ്പായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ആരോപണമുന്നയിക്കുന്ന വിഭാഗത്തിന്റെ നീക്കം.
അതേ സമയം തൊഴിലവകാശപ്പെട്ട് കഴിഞ്ഞ ആഴ്ച മാലിപ്പറത്തെ സൈറ്റിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സാഹചര്യത്തിൽ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ കരാറുകാരനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ ചർച്ച നടന്നിട്ടില്ല. ഇതിനിടെ സൈറ്റിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് കരാറുകാരൻ എന്നറിയുന്നു.