തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി കെപിസിസി നേതൃത്വത്തെ സമീപിക്കും. വെള്ളിയാഴ്ച ചേര്‍ന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം.
ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന പ്രതിപക്ഷനേതാവിന്റെ വാക്കുകളാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇതിനു പിന്നാലെ വെള്ളിയാഴ്ച ചങ്ങനാശേരിയില്‍ വി.ഡി. സതീശനെതിരെ മുദ്രാവാക്യവുമായി ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു.
എന്നാല്‍ സതീശന് നിലപാട് വീണ്ടും ആവര്‍ത്തിച്ചു. ഒറ്റയ്ക്കെടുത്ത തീരുമാനമല്ലെന്നും കെപിസിസി അധ്യക്ഷനുമായി ആലോചിച്ചാണ് താന്‍ നിലപാട് പറഞ്ഞതെന്നും സതീശന് വ്യക്തമാക്കി.
പോഷക സംഘടനയെന്ന സ്റ്റാറ്റസ് അല്ല ഐഎന്‍ടിയുസിക്കുള്ളത്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ അഭിവാജ്യ ഘടകമാണ്. പോഷകസംഘടനയും അഭിവാജ്യ ഘടകവും തമ്മില്‍ വ്യത്യാസമുണ്ട്. ഐഎന്‍ടിയുസിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും സതീശന് പറഞ്ഞു.
ചങ്ങനാശേരി പ്രകടനത്തിന് പിന്നിൽ കുത്തിത്തിരുപ്പ് സംഘമാണ്. പ്രശ്നം ഉണ്ടാക്കാൻ കാത്തിരിക്കുന്നവരാണ് പ്രതിഷേധിച്ചതെന്നും സതീശന് വ്യക്തമാക്കി.