ഓഹരി അവലോകനം / സോണിയ ഭാനു
വിദേശനാണ്യപ്രവാഹത്തിൽ ജ്വലിക്കുകയാണ് ഇന്ത്യൻ ഓഹരി സൂചികകളെങ്കിലും ലാഭമെടുപ്പിന് അവസരം കാത്തിരിക്കുകയാണ് ഒരു വിഭാഗം ഓപ്പറേറ്റർമാർ. അതേസമയം, ബോംബെ സെൻസെക്സും നിഫ്റ്റിയും പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള വെന്പലിലാണ്. വർഷത്തിന്റെ ആദ്യ മൂന്നു മാസക്കാലയളവിൽ പ്രമുഖ സൂചികകൾ ഏകദേശം പന്ത്രണ്ട് ശതമാനം ഉയർന്നു. ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ തിളക്കം അനുദിനം വർധിച്ചതോടെ പതിനേഴു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലവാരം രൂപ ദർശിച്ചു.
വിദേശഫണ്ടുകൾ ഇന്ത്യൻ ഓഹരിയിലും കടപ്പത്രത്തിലുമുള്ള വിശ്വാസം ഇരട്ടിപ്പിച്ചത് ഡോളർ പ്രവാഹം ശക്തമാക്കി. രൂപയുടെ വിനിമയനിരക്ക് കനത്തത് ബ്ലൂ ചിപ്പ് ഓഹരികൾക്കു തിളക്കം പകർന്നു. ഡോളറിനു മുന്നിൽ രൂപ 1975നു ശേഷമുള്ള ഏറ്റവും മികച്ച ത്രൈമാസ പ്രകടനം കാഴ്ചവച്ച ആവേശത്തിലാണ്. ജനുവരി- മാർച്ച് കാലയളവിൽ രൂപ 4.8 ശതമാനം മികവ് കാണിച്ചു. പോയ വാരം ഡോളറിനു മുന്നിൽ രൂപ 65.40ൽനിന്ന് 64.70ലേക്കു ശക്തിപ്രാപിച്ചു.
ഏഷ്യൻ കറൻസികളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് രൂപയാണ്. കടപ്പത്രത്തിലെ വിദേശനിക്ഷേപം 35,940 കോടി രൂപയിലെത്തി. മാർച്ചിൽ മാത്രം 27,200 കോടി രൂപ പ്രവഹിച്ചു. വിദേശഫണ്ടുകൾ കഴിഞ്ഞവാരം 7,225.29 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 4,245.98 കോടി രൂപ നിക്ഷേപിച്ചു.
സെൻസെക്സ് കഴിഞ്ഞ വാരം 29,168-29,680 റേഞ്ചിലാണ് സഞ്ചരിച്ചത്. ഡെറിവേറ്റീവ് മാർക്കറ്റിലെ സെറ്റിൽമെന്റ് മുന്നിൽ കണ്ട് കരുതലോടെയാണ് ഓപ്പറേറ്റർമാർ നീക്കം നടത്തിയത്. വാരാന്ത്യം 225 പോയിന്റ് മികവിൽ സൂചിക 29,620 പോയിന്റിലാണ്. ഈ വാരം ആദ്യതടസം 29,810ലാണ്.
ഈ കടന്പ കടന്നാൽ 30,001-30,322നെ ലക്ഷ്യമാക്കി സൂചിക ചുവടുവയ്ക്കും. അതേസമയം, ആദ്യ പ്രതിരോധത്തിൽ കാലിടറിയാൽ 29,298-28,977 റേഞ്ചിലേക്ക് സാങ്കേതിക പരീക്ഷണങ്ങൾക്കു സൂചിക വിധേയമാക്കും. ഡെയ്ലി ചാർട്ടിൽ സെൻസെക്സ് അല്പം ദുർബലാവസ്ഥയിലാണ്. പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ സെല്ലിംഗ് മൂഡിലേക്കു തിരിഞ്ഞു. എന്നാൽ, വീക്ക്ലി ചാർട്ട് പരിശോധിച്ചാൽ ഇവ ബുള്ളിഷാണ്.
ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ഓവർ ബോട്ടും.
നിഫ്റ്റി 65 പോയിന്റ് പ്രതിവാരനേട്ടത്തിലാണ്. മുൻവാരം സൂചിപ്പിച്ച 9181 ലെ പ്രതിരോധം മറികടന്ന് നിഫ്റ്റി 9187 വരെ കയറിയെങ്കിലും ക്ലോസിംഗിൽ സൂചിക 9173ലാണ്. ഈ വാരം 9218 പോയിന്റ് നിർണായകമാണ്. ഈ തടസം ഭേദിക്കാനായാൽ 9231-9290ലേക്ക് ഉയരാനാവും. എന്നാൽ, തിരിച്ചടി നേരിട്ടാൽ 9069-8966ൽ താങ്ങ് പ്രതീക്ഷിക്കാം. ഈ റേഞ്ചിൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ സൂചിക 8907 വരെ താഴാം.
റിയാലിറ്റി, പവർ, ബാങ്കിംഗ്, കാപ്പിറ്റൽ ഗുഡ്സ് വിഭാഗങ്ങൾ മികവു കാണിച്ചപ്പോൾ ടെക്നോളജി, സ്റ്റീൽ, ഫാർമസ്യൂട്ടിക്കൽ ഓഹരികൾക്കു തളർച്ച നേരിട്ടു. ഏഷ്യൻ മാർക്കറ്റുകൾ പലതും തളർച്ചയിലാണ്. യൂറോപ്യൻ ഇൻഡക്സുകളും വാരാന്ത്യം ചാഞ്ചാടി. അമേരിക്കയിൽ ഡൗ ജോണ്സ്, നാസ്ഡാക്, എസ് ആൻഡ് പി ഇൻഡക്സുകൾ നഷ്ടത്തിലാണ്.