കുമരകം: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ മുഹമ്മദ് അനൂപും സംഘവും കുമരകത്തെ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയെന്ന വിവരത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം നടത്തുന്ന അന്വേഷണം വഴിമുട്ടി.
റിസോര്‍ട്ട് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കുമരകത്തോ ആലപ്പുഴയിലോ ഉള്ള ഹൗസ് ബോട്ടിലെ മുറിയില്‍ വെച്ചായിരിക്കാം പാര്‍ട്ടി നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ലോക് ഡൗണിനിടെ കഴിഞ്ഞ ജൂണ്‍ 19ന് കുമരകത്തെ റിസോര്‍ട്ടില്‍ നടന്ന നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തെന്ന് സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ സഹിതം പുറത്തുവിട്ട് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് ആരോപണം ഉന്നയിച്ചിരുന്നു.
റൂമിനുള്ളില്‍ വെച്ച് എടുത്ത ചിത്രങ്ങള്‍ പുറത്തു വന്നതോടെ റിസോര്‍ട്ട് കണ്ടെത്താന്‍ പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. അതാണ് പാര്‍ട്ടി നടത്തിയത് ഹൗസ് ബോട്ടിലെ റൂമിലാ കാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
കേന്ദ്ര ഏജന്‍സിയായ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം നടത്തുന്ന ഗൗരവമേറിയ കേസിലാണ് സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് തെളിവുകള്‍ കണ്ടെത്താനാകാത്തത്.
കുമരകം പോലെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ നടന്ന മയക്കുമരുന്ന് പാര്‍ട്ടിയുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടും സ്ഥലം കണ്ടെത്താന്‍ കഴിയാത്തത് രഹസന്വേഷണ വിഭാത്തിന്റെ വീഴ്ചയാണ്.