കൊച്ചി: മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതി പണം തട്ടിയെടുത്തത് 10 പേരിൽ നിന്ന്. കേസുമായി ബന്ധപ്പെട്ട് കാക്കനാട് ഡിവൈൻ വില്ലേജ് ഫസ്റ്റ് അവന്യു ഡിവിആർഎ 12 ബാൻസുരി വീട്ടിൽ വി.രമേശിനെ (58)ആണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.
കൊച്ചി ശ്രീകണ്ഠത്ത് റോഡിലെ കെൽമേഴ്സ് കോംപ്ലക്സിലെ ഒന്നാം നിലയിൽ ഉപയോഗ് നിധി ലിമിറ്റഡ് എന്ന ബാങ്കിംഗ് സ്ഥാപനമുണ്ടെന്നും ഇയാൾ അതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം നിക്ഷേപിപ്പിച്ചായിരുന്നു തട്ടിപ്പ്.
പ്രതിമാസം 13 ശതമാനം പലിശ നൽകാമെന്നും നിക്ഷേപ കാലാവധി കഴിയുന്ന മുറയ്ക്ക് നിക്ഷേപ തുക കൃത്യമായി മടക്കി നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് 10 പേരിൽ നിന്നായി ഇയാൾ 35 ലക്ഷത്തോളം രൂപ വാങ്ങിയെടുത്തു.
ഉപയോഗ് നിധി ലിമിറ്റഡിന്റെ വ്യാജരസീതും നൽകി. ഇതിന് ശേഷം പ്രതി പണം തിരികെ നൽകാതെ മുങ്ങുകയായിരുന്നു. 2020 മുതൽ 2022 ജൂണ്വരെ പ്രതി ഇത്തരത്തിൽ തട്ടിപ്പ് നടത്തി.
തട്ടിപ്പിനിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഈ സ്ഥാപനത്തിന്റെ എംഡിയോ പാർട്ണറോ അല്ലെന്ന് തെളിഞ്ഞു.
പിന്നീട് പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷനും മറ്റും പരിശോധിച്ചു വരവെ ഇയാൾ കാക്കനാടുള്ള വീട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പോലീസ് എസ്ഐ കെ.വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാക്കനാടെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
വരും ദിവസങ്ങളിൽ തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതി നൽകിയേക്കുമെന്നാണ് പോലീസ് കരുതുന്നത്.സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്ന നാലോളം കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ രമേശ്. കൂടാതെ പാലക്കാട് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലും ഇത്തരത്തിലുളള കേസുകൾ ഇയാൾക്കെതിരേയുണ്ട്.