പിഎസ്സി കോപ്പിയടിയുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാരെക്കൂടി പ്രതിചേര്‍ത്തു.’കോപ്പിയടി’ക്കു സഹായിച്ചതിന് അറസ്റ്റിലായ എസ്.എ.പി. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ വി.എം. ഗോകുലിനെ രക്ഷിക്കാനായി കൃത്രിമ രേഖ ചമച്ചതിനു പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലാണ് സഹപ്രവര്‍ത്തകരായ ടി.എസ്. രതീഷ്, എബിന് പ്രസാദ്, ലാലു രാജ് എന്നിവരെ പ്രതിചേര്‍ത്തത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ടോമിന് തച്ചങ്കരിയുടെ നിര്‍ദേശാനുസരണം രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗോകുലാണ് ഒന്നാം പ്രതി.
എസ്.എഫ്.ഐ. നേതാക്കളായ ആര്. ശിവരഞ്ജിത്, എ.എന്‍. നസീം എന്നിവര്‍ക്ക് ഇലക്ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെയാണ് ശരിയുത്തരങ്ങള്‍ എത്തിച്ചതെന്ന വാദം പൊളിക്കുന്ന വിവരങ്ങളും പുറത്തുവന്നു. പരീക്ഷാ സമയത്ത് ഗോകുല്‍ പരീക്ഷാഹാളിനു സമീപമുണ്ടായിരുന്നതിനു തെളിവു കിട്ടിയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഉപയോഗിച്ചതെങ്കില്‍ ഗോകുല്‍ പരീക്ഷാഹാളിനു സമീപമെത്തേണ്ട കാര്യമില്ല.
ഡ്യൂട്ടിക്കിടെ, ഓഫീസിലിരുന്നു ചെയ്യാവുന്ന കാര്യമേയുള്ളൂ. പരീക്ഷാഹാളിനു സമീപമെത്തിയത് ഉത്തരങ്ങള്‍ നേരിട്ടു കൈമാറാന്‍ വേണ്ടിയാകാം. അങ്ങനെയെങ്കില്‍, ഇതുവരെ അജ്ഞാതനായ ഒരാളുടെ സഹായം കൂടി ഉണ്ടായിരുന്നെന്നു വ്യക്തം. മിക്കവാറും ഇന്‍വിജിലേറ്റര്‍മാരില്‍ ഒരാള്‍തന്നെ. ആ ദിശയിലേക്ക് ഇതുവരെ അന്വേഷണം പോയിട്ടില്ല. കോപ്പിയടി നടക്കുമ്പോള്‍ ഹാളിലുണ്ടായിരുന്ന ഇന്‍വിജിലേറ്റര്‍മാര്‍ ആരൊക്കെയെന്ന കാര്യം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ഇത്രയധികം കോലാഹലങ്ങളുണ്ടായിട്ടും ഇവരാരെന്നു കണ്ടെത്താനോ ഇവരുടെ വിശദീകരണം തേടാനോ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നുള്ളത് ദുരൂഹതയുണര്‍ത്തുകയാണ്.
പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതിയാണു ഗോകുല്‍. പരീക്ഷയില്‍ എസ്.എഫ്.ഐ. നേതാക്കള്‍ ഉയര്‍ന്ന റാങ്ക് നേടിയിരുന്നു. ശിവരഞ്ജിത്തിന് ഒന്നാം റാങ്കും പി.പി. പ്രണവിനു രണ്ടാം റാങ്കും നസീമിന് 28-ാം റാങ്കുമാണു ലഭിച്ചത്. ഗോകുലും പ്രണവും ഇവരെ സഹായിച്ച സഫീറും റിമാന്‍ഡിലാണ്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം ലഭിച്ചു. എല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ഭരണതലത്തിലുള്ള സ്വാധീനം മൂലം ഇന്വിജിലേറ്റര്മാരെക്കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വരാതിരിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി വേണം കരുതാന്‍.