മെഡിക്കൽ കോളജ് (തിരുവനന്ത പുരം): ഇന്ത്യൻ ഓവർസീസ് ബാങ്ക് മെഡിക്കൽകോളജ് ശാഖയിൽ വൻതീപിടിത്തം. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നു രാവിലെ 7.30ന് അടുത്തായിരുന്നു സംഭവം.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മെഡിക്കൽ കോളജ് ഭാഗത്ത് പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടത്തിൽ താഴത്തെയും മുകളിലത്തെയും നിലയിൽ ആയിട്ടാണ് ഐ.ഒ.ബി പ്രവർത്തിച്ചുവരുന്നത്.
ഇതിൽ ഏറ്റവും താഴത്തെ നിലയിൽ ആയിരുന്നു തീപിടിത്തമുണ്ടായത്. കംപ്യൂട്ടറുകളും എ.സിയും പ്രധാനപ്പെട്ട ഫയലുകളും എല്ലാം പൂർണമായി കത്തി നശിച്ചു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു എങ്കിലും ശരിക്കുള്ള കണക്കെടുക്കുമ്പോൾ 10 ലക്ഷത്തിന് പുറത്തുവരുമെന്നാണ് സൂചന.
ശാഖയ്ക്ക് ഉള്ളിൽ തീപിടിത്തം ഉണ്ടായത് തുടക്കത്തിൽ അറിഞ്ഞിരുന്നില്ല. പുക പുറത്തേക്കു വരുന്നത് കണ്ടതോടെയാണ് സമീപവാസികൾ ഫയർഫോഴ്സിനെയും പോലീസിനെയും അറിയിക്കുന്നത്.
തിരുവനന്തപുരം ഫയർസ്റ്റേഷൻ ഓഫീസിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ സുരേഷ് ഫ്രാൻസിസ്, വിജയൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ശാഖയ്ക്ക് തൊട്ടു സമീപമാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ പമ്പ് പ്രവർത്തിച്ചുവരുന്നത്.
ഈ ഭാഗത്തേക്ക് തീ പടരാത്തത് വൻ അത്യാഹിതം ഒഴിവാക്കി. തീപിടിത്തം ഉണ്ടായതോടെ പമ്പിന്റെ പ്രവർത്തനം കുറേനേരത്തേക്ക് നിർത്തിവയ്ക്കുകയും ചെയ്തു. ബാങ്ക് ശാഖയുടെ ഗേറ്റിന്റെ പൂട്ട് തകർത്താണ് ഫയർഫോഴ്സ് സംഘം അകത്തേക്ക് പ്രവേശിച്ച് പ്രവർത്തനം നടത്തിയത്. തീപിടിത്തം വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞത് നേട്ടമായി.