മാഹി: ഫുട്ബോൾ ആവേശത്തിന്റെ ലഹരിയിൽ ജില്ലയിലെയും മാഹിയിലേയും ഇന്ത്യൻ ഓയിൽ പമ്പുകളിൽ ഗോളടിച്ച് സൗജന്യ പെട്രോൾ നേടുവാനുള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പന്തക്കൽ മൂലക്കടവ് എമിറേറ്റ്സ് പെട്രോൾ പമ്പിൽ മാഹി പോലീസ് സൂപ്രണ്ട് സി.എച്ച്. രാധാകൃഷ്ണ നിർവഹിച്ചു.
ഇന്ത്യൻ ഓയിൽ കമ്പനിയുടെ പ്രതിനിധികളും പങ്കെടുത്തു. ജൂലായ് 31 നുള്ളിൽ വരുന്ന ശനി, ഞായർ ദിവസങ്ങളിലാണ് മത്സരം നടക്കുക. കണ്ണൂർ വാരം എലൈറ്റ്, എടക്കാട് അദിൽ ഫ്യുയൽസ്, മാഹി ദേശീയപാതയിലെ ശുഭയാത്ര, ടി.എസ്. ബഷീർ ആൻഡ് കമ്പനി, മൂലക്കടവിലെ എമിറേറ്റ്സ് പെട്രോളിയം, സഫയർ പെട്രോൾ എന്നീ തെരഞ്ഞെടുത്ത ആറ് ഐഒസി പമ്പുകളിലാണ് മത്സരം.
രാവിലെ 10 മുതൽ ഇന്ധനം നിറയ്ക്കാൻ എത്തുന്ന 1000 രൂപയ്ക്കും അതിനു മുകളിലും പെട്രോൾ/ ഡീസൽ അടിക്കുന്ന നാലുചക്ര വാഹനങ്ങൾക്കാണ് അവസരം. 400 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര-മുച്ചക്ര വാഹനങ്ങൾക്കും അവസരം ലഭിക്കും. മത്സരാർഥികൾക്ക് കൂപ്പൺ നൽകും.
പമ്പുകളിൽ സജ്ജമാക്കിയ ഗോൾ പോസ്റ്റിൽ നിശ്ചിത അകലത്തിൽ നിന്ന് അടുക്കിവച്ച തൂണിന്റെ ഇടയിലൂടെ ഗോൾ നേടണം. ഒരാൾക്കു ഗോൾ നേടാൻ 3 അവസരവുമുണ്ട്. വിജയിക്ക് യഥാക്രമം 50 രൂപയുടെയും 20 രൂപയുടെയും ഇന്ധനമാണ് സമ്മാനം. ഉദ്ഘാടന ദിവസമായ ഇന്ന് ഉപഭോക്താക്കൾക്ക് പായസവും വിതരണം ചെയ്തു. ആദ്യ മത്സരം ജൂലായ് ജൂലൈ ഏഴിന് ആരംഭിക്കും.