കൊച്ചി: എറണാകുളം ഇരുന്പനത്തെ ഇന്ത്യൻ ഓയിൽ കോർപറേഷഷന്റെ പ്ലാന്റിൽ ഒരു വിഭാഗം ലോറി ഉടമകളും തൊഴിലാളികളും സമരം തുടരുന്നതോടെ ഇന്ധന ക്ഷാമം രൂക്ഷമാകുന്നു. കേരളത്തിലെ പന്പുകളിൽ ബഹുഭൂരിക്ഷവും ഐഒസിയുടെ ആണെന്നിരിക്കെ സമരം തുടരുന്നതു മൂലം ഇന്ധന ലഭ്യതയിൽ വൻ ഇടിവുണ്ടായെന്നാണു പന്പുടമകൾ പറയുന്നത്. എറണാകുളത്തിനു പുറമെ പാലക്കാട്, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംത്തിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലേക്കാണ് ഇരുന്പനത്തുനിന്നുള്ള ഇന്ധനം എത്തുന്നത്.
ഇന്ധന നീക്കത്തിൽ വൻ ഇടിലാണ് ഉണ്ടായിരിക്കുന്നതെന്നു ഐഒസി അധികൃതരും വ്യക്തമാക്കുന്നു. മറ്റു മാർഗങ്ങൾ ഉപയോഗിച്ച് ഇന്ധന നീക്കം നടത്താനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. കെഎസ്ആർടിസി ഡ്രൈവർമാരെ ഉപയോഗിച്ചു പോലീസ് സംരക്ഷണത്തോടെ എറണാകുളം ജില്ലയിലെ പന്പുകളിൽ ഇന്ധം എത്തിച്ചു. മറ്റു ജില്ലകളിലും ഈ നീക്കം നടത്തി ഇന്ധനം എത്തിക്കാനും പോലീസ് സംരക്ഷണം നൽകുമെന്നു ഹിൽപാലസ് സിഐ പി.എസ്. ഷിജു പറഞ്ഞു.
പന്പ് ഉടമകളുടെ ട്രക്കുകൾക്കു കൂടുതൽ ഇന്ധനം നൽകുന്നതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം ലോറി ഉടമകളും തൊഴിലാളികളും സമരം നടത്തുന്നത്. ലേബർ കമ്മിഷണറും കലക്ടറുമടക്കമുള്ള ഉദ്യോഗസ്ഥർ സമരം അവസാനിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ഇതുവരെയും പരിഹാരം കാണുവാൻ സാധിച്ചിട്ടില്ല.