പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാരിപ്പള്ളിയിലെ പാചക വാതക റീഫില്ലിംഗ് പ്ലാൻറിൽ നിന്നും 25 ട്രക്കുകൾ തമിഴ്നാട്ടിലെ തിരുനെൽവേലി പ്ലാന്റിലേയ്ക്കയച്ചു.
പുതുതായി തുടങ്ങിയ തിരുനെൽവേലിയിലെ പ്ലാന്റിൽ നിന്നും കൊല്ലം, തിരുവനന്തപുരം ജില്ലയിലെ ഏജൻസികൾക്ക് പാചക വാതക സിലിണ്ടറുകൾ എത്തിക്കാനാണ് ഇത്. പാരിപ്പള്ളി പ്ലാന്റിൽ നിന്നും സിലിണ്ടർ എത്തിക്കാൻ എറണാകുളം ജില്ലയിലെ ഉദയംപേരുർ പ്ലാന്റിലെ ട്രക്കുകൾ എത്തിക്കാനാണ് നീക്കമെന്നറിയുന്നു.
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന തമിഴ്നാട്ടിലേക്ക് യാതൊരു സുരക്ഷിതത്വവുമില്ലാതെ ഡ്രൈവർമാരെയും ട്രക്കുകളും അയച്ചതാണ് തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. കൊറോണക്കാലത്ത് ട്രക്കുകൾ തമിഴ്നാട്ടിലേയ്ക്കയച്ചതും പകരം ഉദയംപേരുർ നിന്നും ട്രക്ക് എത്തിക്കുന്നതുമാണ് വിവാദമായത്.
ഉദയംപേരൂർ നിന്ന് ട്രക്കുകൾ എത്തിയാൽ പ്ലാന്റിൽ കയറ്റില്ലെന്ന നിലപാടിലാണ് പ്ലാന്റിലെ തൊഴിലാളികൾ. മുമ്പ് പാരിപ്പള്ളിയിൽ നിന്നും ഉദയംപേരുരിൽ എത്തിയ ട്രക്കുകൾ അവിടത്തെ തൊഴിലാളികൾ തടഞ്ഞ് തിരിച്ചയച്ച സംഭവമുണ്ട്.
പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഐഒസിയുടെ ആദ്യത്തെ പ്ലാന്റാണ് നാല് മാസം മുമ്പ് തിരുനെൽവേലിയിൽ പ്രവർത്തനം തുടങ്ങിയത്. പ്രതിദിനം 110 ലോഡ് ഉല്പാദിപ്പിക്കാൻ കഴിയുന്ന ഇവിടെ നിന്നും കേരളത്തിലെ ഏജൻസികൾക്ക് സിലിണ്ടർ എത്തിക്കാനാണ് ട്രക്കുകൾ അയച്ചതെന്ന് ഐഒസി അധികൃതർ.
പുതിയ പ്ലാന്റായതിനാൽ തിരുനെൽവേലിയിൽ ട്രക്കുകൾ കുറവാണ്. അത് കൊണ്ടാണ് പാരിപ്പള്ളിയിൽ നിന്നും ട്രക്കുകൾ അയച്ചതെന്ന നിലപാടിലാണ് ഐഒസി. പ്രതിദിനം 120 ലോഡ് പാചക വാതക സിലിണ്ടർ ഉല്പാദിപ്പിക്കുന്നതാണ് പാരിപ്പള്ളി പ്ലാന്റ്.
പാരിപ്പള്ളിയിൽ 140 ട്രക്കുകളുണ്ടെന്നും ഇത് അധികമാണെന്നും എല്ലാ ട്രക്കുകൾക്കും ദിവസേന ലോഡ് ലഭിക്കാറില്ലെന്നും പാരിപ്പള്ളി പ്ലാന്റിലെ പി.ജി.എം.രവി ഗോവിന്ദ് ദീപികയോട് പ ഞ്ഞു. ഇന്ത്യയിലെവിടെയും ഓടാമെന്ന കരാറിലാണ് ട്രക്കുകൾ ഐഒസി എടുക്കുന്നത്.
ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുനെൽവേലിയിലേയ്ക്ക് അയച്ച ട്രക്കുകൾ പലതും ഗ്യാസ് ഏജൻസികളുടെതാണെന്ന് അറിയുന്നു. ഏജൻസിക്ക് വേണ്ടി മാത്രം ഓടുന്ന സ്വന്തം ട്രക്കുകളായതിനാൽ ഏജൻസികൾക്ക് പെട്ടെന്ന് സിലിണ്ടർ എത്തിക്കാൻ കഴിയും.
ഗ്യാസ് ഏജൻസികളും ഐഒസിയും തമ്മിൽ അമിതലാഭം ഉണ്ടാക്കാനുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് യൂണിയൻ ആരോപിച്ചു. കൊറോണക്കാലത്തെ സുരക്ഷിതത്വം പോലും പരിഗണിക്കാതെയാണ് തമിഴ്നാട്ടിലേയ്ക്കയച്ചതെന്നും അവർ ആരോപിച്ചു.
സർക്കാർ പ്ലാന്റിൽ നല്കിയ മാസ്ക്കുകൾ തൊഴിലാളികൾക്ക് നൽകിയിട്ടില്ലെന്നും തൊഴിലാളികൾ ആരോപിച്ചു.