ഐപിസി 497 റദാക്കിയതോടെ എന്തു മാറ്റമാകും രാജ്യത്ത് വരാന്‍ പോകുന്നത്. സ്ത്രീകളുടെ സ്വാതന്ത്രത്തിന് പുതിയ മാനങ്ങള്‍ തുറന്നു നല്കുന്നുവെന്ന് പുരോഗമനവാദികള്‍ വ്യാഖ്യാനിക്കുമ്പോഴും വിധിയെ വ്യാപകമായി സ്വാഗതം ചെയ്തുള്ള പ്രതികരണങ്ങള്‍ വരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഈ വിധി രാജ്യത്തെ എങ്ങനെ ബാധിക്കും. അനാശാസ്യത്തിന് പോലീസിന് ഇനി കേസെടുക്കാനാകില്ലേ?
പുതിയ വിധി സന്തോഷപ്പെടുത്തുക പെണ്‍വാണിഭ സംഘങ്ങളെയാകും. സ്വന്തം ഇഷ്ടപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് സ്ത്രീ പറഞ്ഞാല്‍ പോലീസ് കേസ് പോലും നിലനില്ക്കില്ലെന്ന അവസ്ഥയാകും ഉണ്ടാകാന്‍ പോകുന്നത്. അതായത് നിയമപ്രകാരമുള്ള മാംസവ്യാപാരത്തിന് സുപ്രീം കോടതിയുടെ ഗ്രീന്‍ സിംഗ്നലെന്ന് ചുരുക്കം.
ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടതും നിലവില്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതുമായ കേസുകളെയും വിധി ഗുരുതരമായി ബാധിക്കും. ഉദാഹരണത്തിന് കോഴിക്കോട്ടെ എക്‌സ് എന്ന യുവതിയെ അനാശാസ്യത്തിന് ഹോട്ടലില്‍ നിന്ന് പിടികൂടി. അനാശാസ്യം ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് ജയിലിലടച്ചു. എന്നാല്‍ ഇപ്പോഴത്തെ വിധിയോടെ കോടതിയില്‍ കേസെത്തുമ്പോള്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് യുവതി പറയുന്നു. ഇതോടെ യുവതിയെ വെറുതെ വിടാന്‍ കോടതി നിര്‍ബന്ധിതരാകും.
അരാജകത്വം വളര്‍ത്തും
ഒന്നും തെറ്റല്ലെന്ന സന്ദേശമാകും ഈ വിധിയിലൂടെ സുപ്രീംകോടതി സമൂഹത്തോട് വിളിച്ചു പറയുന്നത്. നിങ്ങള്‍ ഇഷ്ടപ്പെട്ടവരുമായി എപ്പോള്‍ വേണമെങ്കിലും എവിടെ വച്ചു വേണമെങ്കിലും ബന്ധപ്പെട്ടോളൂ ആരും നിങ്ങളെ തടയില്ല. അങ്ങനെ എതിര്‍ത്താല്‍ തന്നെ നിയമപരമായി നിങ്ങള്‍ക്ക് പരിരക്ഷ ലഭിക്കുമെന്നാണ് സുപ്രീംകോടതി പറയാതെ പറയുന്നത്. ഇപ്പോള്‍ തന്നെ മലീമസമായ നമ്മുടെ സമൂഹത്തില്‍ കൂടുതല്‍ അരാജകത്വം വളര്‍ത്തുന്ന വിധി തിരുത്തിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.