മൃഗശാലയിലെത്തിയ സന്ദർശകൻ കരടികൾക്ക് ഭക്ഷണം എറിഞ്ഞു നൽകുന്നതിനിടെ അബദ്ധത്തിൽ കൈവശമിരുന്ന വിലയേറിയ ഐഫോണും അവയ്ക്ക് നേരെ എറിഞ്ഞു നൽകുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചൈനയിലെ ജിയാംഗ്സു പ്രവശ്യയിലുള്ള യാൻചെൻഗ് വൈൽഡ്ലൈഫ് പാർക്കിലാണ് സംഭവം.
കൂട്ടിൽ കിടക്കുന്ന കരടികൾക്ക് ഈ സന്ദർശകൻ തന്റെ കൈവശമിരുന്ന ആപ്പിളും കാരറ്റും എറിഞ്ഞു നൽകിയിരുന്നു. അതിനിടെയിലാണ് അബദ്ധത്തിൽ തന്റെ കൈവശമിരുന്ന ഐഫോണും അദ്ദേഹം കരടികൾക്കു നേരെ എറിഞ്ഞു നൽകിയത്.
ഇതുവരെ കാണാത്തതെന്തോ തന്റെ മുമ്പിൽ കിടക്കുന്നത് കണ്ട കരടി കൗതുകത്തോടെ ഫോണിൽ കുറച്ചു നേരം നോക്കി നിന്നു. മാത്രമല്ല ഫോണ് കടിച്ച് അവിടെ നിന്നും നടന്നു നീങ്ങുകയും ചെയ്തു.
സന്ദർശകൻ പരാതിപ്പെട്ടതിനെ തുടർന്ന് മൃഗശാലയിലെ ജീവനക്കാരിലൊരാൾ കൂട്ടിലിറങ്ങി ചെന്ന് ഫോണ് തിരികെ എടുത്ത് ഇയാൾക്ക് നൽകിയിരുന്നു. എന്നാൽ അത് മുഴുവൻ പൊട്ടി പോയിരുന്നു.
പിന്നീട് മൃഗശാലയിലെത്തുന്ന സന്ദർശകർ മൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.