ആപ്പിളിന്റെ ഐഫോണ്‍ വാങ്ങുവാനായി ഒരു കിഡ്നി വിറ്റ യുവാവിന്റെ രണ്ടാമത്തെ കിഡ്നിയിൽ അണുബാധ. ചൈനയിലെ ബെയ്ജിംഗിലാണ് സംഭവം. ഏഴു വർഷങ്ങൾക്കു മുൻപ് പതിനേഴു വയസുണ്ടായിരുന്നപ്പോഴാണ് സിയോവേ വാംഗ് എന്നയാൾ അതിയായ ആഗ്രഹത്താൽ ഐഫോണ്‍ വാങ്ങുവാൻ തീരുമാനിച്ചത്. എന്നാൽ പണം വലിയൊരു ഘടകമായിരുന്ന ഈ യുവാവ് തന്റെ ഒരു കിഡ്നി വിൽക്കുവാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി ഒരു ആശുപത്രിയെ അദ്ദേഹം സമീപിച്ചു. ഒരു കിഡ്നി ഇല്ലെങ്കിലും സാധാരണ ജീവിതം നയിക്കാമെന്ന് സിയോവേയെ ധരിപ്പിച്ച ആശുപത്രി അധികൃതർ അദ്ദേഹത്തിന് 2,22640 രൂപ പ്രതിഫലം നൽകി സിയോവേയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയായിരുന്നു.
പണം കൈയിൽ കിട്ടിയ സിയോവേ ഐഫോണ്‍ 4 ഒന്ന് സ്വന്തമാക്കുകയും ചെയ്തു. എന്നാൽ സിയോവേയിൽ നടത്തിയ ശസ്ത്രക്രിയ വിജയമായിരുന്നില്ല. കാരണം ശസ്ത്രക്രിയയെ തുടർന്നുണ്ടായ മുറിവ് ഉണങ്ങാതിരുന്നതിനാൽ അണുബാധ ഉണ്ടാകുകയും അത് അടുത്ത കിഡ്നിയിലേക്ക് ബാധിക്കുകയും ചെയ്യുകയായിരുന്നു.
വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിയാവോയ്ക്ക് നിരന്തരം ഡയാലിസിസിനു വിധേയനാകേണ്ടി വന്നു. സിയോവേയുടെ കുടുംബം സാമ്പത്തികമായി വളരെ പിന്നോക്കമാണ്. അതിനാൽ ഇദ്ദേഹത്തിന്റെ ചികിത്സ നടത്തുവാൻ സിയോവേയുടെ മാതാപിതാക്കൾ വളരെയധികം കഷ്ടപ്പെടുന്നുണ്ട്.