കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും.
ചോദ്യം ചെയ്യല്ലിനായി അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നു കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നല്കി. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിനു പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് കസ്റ്റംസ് സിം കാര്‍ഡും അതുപയോഗിച്ച ആളെയും കണ്ടെത്തിയെന്നാണു സൂചന.
നേരത്തെ തന്നെ ഈ ഐഫോണിനെ ചൊല്ലി വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു.ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്വപ്നയ്ക്ക് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പന് ഐഫോണുകള്‍ വാങ്ങി നല്‍കിയത് എന്നാണു കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.
ഈ വിവാദ സംഭവങ്ങള്‍ നടന്ന സമയത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായിരുന്ന വ്യക്തിക്ക് അതിന്റെ പങ്ക് ലഭിച്ചു എന്നത് സിപിഎമ്മിനെയും സര്‍ക്കാരിനെയും ഒരേപോലെ പ്രതിരോധത്തിലാക്കും.
മുഖ്യമന്ത്രിക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്നു സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി ഇന്നലെ കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്കു സിപിഎം പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിരുന്നു.
മാര്‍ച്ച് തുടങ്ങാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കേയാണു കോടിയേരിയുടെ ഭാര്യക്കെതിരേ നിര്‍ണായക വെളിപ്പെടുത്തല്‍ വരുന്നത്.സ്വപ്ന ആവശ്യപ്പെട്ട പ്രകാരമാണ് ഐഫോണുകള്‍ വാങ്ങി നല്‍കിയതെന്നു നേരത്തെ സന്തോഷ് ഈപ്പന് വ്യക്തമാക്കിയിരുന്നു.
ഈ ഫോണ്‍ എങ്ങനെ വിനോദിനിക്കു കിട്ടി എന്നതിലാണു കസ്റ്റംസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. വിനോദിനിയുടെ പേരിലുള്ള സിമ്മാണു ഫോണില്‍ ഉപയോഗിച്ചതെന്നു കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്.ഐഎംഇഐ നമ്പര്‍ വച്ചുള്ള പരിശോധനയില്‍ ഇതു കണ്ടെത്തിയിട്ടുണ്ട്.
സന്തോഷ് ഈപ്പന് വാങ്ങി നല്കിയ ഐഫോണുകള്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്, സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ എന്നിങ്ങനെ പല പ്രമുഖര്‍ക്കും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആറ് ഐഫോണുകളില്‍ ഏറ്റവും വില കൂടിയ ഒന്ന് ആരുടെ കൈയിലാണെന്നതു നേരത്തെ വിവാദമുണ്ടായിരുന്നു.
ഈ ഫോണ്‍ സന്തോഷ് ഈപ്പന് എന്തിനു കോടിയേരിയുടെ ഭാര്യയ്ക്കു നല്കി എന്നതാണു കാര്യങ്ങള്‍ മൊത്തത്തില്‍ സങ്കീര്‍ണമാക്കുന്നത്.സന്തോഷ് ഈപ്പന് വാങ്ങിയ ഫോണുകളില്‍ ഏറ്റവും വിലകൂടിയ ഐഫോണാണു വിനോദിനിയുടെ കൈവശമുണ്ടായിരുന്നത്.
1.13 ലക്ഷം രൂപയായിരുന്നു വില. കോണ്‍സല്‍ ജനറലിനു നല്‍കിയെന്ന് അവകാശപ്പെടുന്ന ഫോണ്‍ എങ്ങനെയാണു വിനോദിനിയുടെ കൈവശമെത്തിയതെന്നും അന്വേഷിക്കും. സ്വര്‍ണക്കടത്ത് വിവാദം ആരംഭിച്ചതോടെ വിനോദിനി ഫോണ്‍ ഉപയോഗം നിര്‍ത്തിയിരുന്നു.
കോണ്‍സുലേറ്റിന് സന്തോഷ് ഇപ്പന് വാങ്ങി നല്കിയ ഫോണില്‍ ഒന്ന് ഉപയോഗിച്ചിരുന്നതു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ശിവശങ്കറായിരുന്നു. മറ്റൊന്ന് വിനോദിനിയും. ഇതോടെ സ്വര്‍ണ്ണ കടത്തില്‍ പുറത്തു വന്ന വിവാദങ്ങള്‍ കൂടുതല്‍ തലത്തിലേക്ക് എത്തുകയാണ്.
അഭിഭാഷകയുംചോദ്യംചെയ്യും
ഇതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ അഭിഭാഷകയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അഭിഭാഷകയ്ക്കു നോട്ടീസ് നല്കി. തിങ്കളാഴ്ച ഹാജരാകണമെന്നാണു കസ്റ്റംസിന്റെ നിര്‍ദേശം. ഫോണ്‍ കോള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ചോദ്യം ചെയ്യല്‍.
കഴിഞ്ഞ ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഫോണും, സിം കാര്‍ഡും ഹാജരാക്കാനും കസ്റ്റംസ് അഭിഭാഷകയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ബാങ്ക് രേഖകളും പാസ്പോര്‍ട്ടും ഹാരാക്കണം.
സ്പീക്കര്‍ 12ന്
ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കഴിഞ്ഞ ദിവസം കസ്റ്റംസ് നോട്ടീസയച്ചിരുന്നു. 12 ന് കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണു നിര്‍ദേശം.
മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നു സ്വപ്ന സുരേഷ് രഹസ്യമൊഴി നല്കിയെന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. യുഎഇ മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമെന്നും മൂന്നു മന്ത്രിമാര്‍ക്ക് ഇടപാടുകളില്‍ പങ്കുണ്ടെന്നും മൊഴിയില്‍ പറയുന്നു.