ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കാൻ ഐ ഫോണ്‍ മോഷ്ടിച്ച യുവാവ് പോലീസ് പിടിയിൽ. ഡൽഹി സ്വദേശിയായ 20 വയസുകാരനാണ് പിടിയിലായത്. ഒരു ലക്ഷം രൂപ വില വരുന്ന ഫോണായിരുന്ന് ഇയാൾ മോഷ്ടിച്ചത്.
ജതിൻ നഗർ എന്നാണ് ഈ യുവാവിന്റെ പേര്. ടിക്ക് ടോക്ക് വീഡിയോ കൂടുതൽ വ്യക്തതയോടെ ചിത്രീകരിക്കുവാനാണ് താൻ ഫോണ്‍ മോഷ്ടിച്ചതെന്നാണ് അദ്ദേഹം പോലീസിനോട് പറഞ്ഞത്.
പ്രമുഖ ഭക്ഷണ സ്ഥാപനത്തിൽ കാൾ സെന്റർ എക്സിക്യൂട്ടീവായി ജോലി ചെയ്യുന്നയാളാണ് ജതിൻ. കൈവശമുള്ള ഫോണിൽ കൂടി വളരെ നല്ല രീതിയിൽ ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുവാൻ സാധിക്കാത്തതിൽ ഇയാൾ വിഷമത്തിലായിരുന്നു.
കൂടുതൽ നല്ല ഫോണ്‍ വാങ്ങുവാനായി പണം കൈവശമില്ലാതിരുന്ന ഇയാൾ മോഷണം നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഓണ്‍ലൈനിൽ കൂടി ഫോണ്‍ വിൽക്കുവാൻ വച്ചിരുന്ന ഒരാളുമായി ബന്ധപ്പെട്ട ഇയാൾ ഫോണ്‍ വാങ്ങുവാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് വിളിച്ചു.
പിന്നീട് ഇയാൾ എത്തിയപ്പോൾ ജതിൻ ഫോണ്‍ തട്ടിപ്പറിച്ച് ബൈക്കിൽ സ്ഥലം വിടുകയായിരുന്നു. പിന്നീട് ഫോണിന്റെ യഥാർത്ഥ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ജതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.