ആപ്പിൾ കന്പനി തങ്ങളുടെ ഐഫോണ്‍ സീരിസിലെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 8 ലോകത്തിനുമുന്പിൽ അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ഫോണ്‍ വിപണിയിൽ ലഭ്യമാകാൻ ഇനിയും ഒരാഴ്ചകൂടി കാത്തിരിക്കണം. എന്നാൽ, ഇപ്പോൾത്തന്നെ ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ആപ്പിൾ ഒൗട്ട്ലെറ്റിനു മുന്പിൽ പുതിയ ഫോണിനുവേണ്ടി ഒരാൾ കാത്തിരിപ്പു തുടങ്ങിക്കഴിഞ്ഞു.
കുറോഷേ എന്ന സോഫ്റ്റ്വേർ ഡെവലപ്മെന്റ് വിദ്യാർഥിയാണ് ഒരാഴ്ചത്തേക്കുവേണ്ട സാധനസാമഗ്രഹികളുമായി കടയുടെ മുന്പിൽ തന്പടിച്ചിരിക്കുന്നത്. മറ്റാരേക്കാളും മുന്‍പേ ഐ ഫോണ്‍ 8 സ്വന്തമാക്കാനാണ് ഈ കഷ്ടപ്പാടുകളൊക്കെയെന്ന് ഇദ്ദേഹം പറയുന്നു. ക്യൂ നിൽക്കാൻ കൂടെ രണ്ടു കൂട്ടുകാരെക്കൂടി ഇദ്ദേഹം കൂട്ടിയിട്ടുണ്ട്. തനിക്ക് പുറത്തുപോകേണ്ടി വന്നാൽ പകരം ക്യൂവിൽ നിൽക്കാനാണ് ഇവർ. അല്ലെങ്കിൽ മറ്റാരെങ്കിലും തന്റെ സ്ഥാനം തട്ടിയെടുക്കുമോ എന്നാണ് പേടി. ക്യൂവിൽനിന്നുള്ള വീഡിയോകൾ ഇദ്ദേഹം തന്റെ യൂടൂബ് ചാനലിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. തന്റെ ചാനലിലേക്ക് കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുകയാണ് കുറോഷേയുടെ ലക്ഷ്യം.
മുന്‍പ് ഐ ഫോണ്‍ 7 ഇറങ്ങിയപ്പോഴും കുറോഷേ നേരത്തേതന്നെ ഫോണ്‍ വാങ്ങാൻ എത്തിയിരുന്നു. അന്ന് ക്യൂവിൽ മൂന്നാം സ്ഥാനമാണ് ഉണ്ടായിരുന്നത്. ഫോണ്‍ കൈയിൽകിട്ടിക്കഴിഞ്ഞ തന്റെ ചാനൽ വഴി തത്സമയ പ്രദർശനമുണ്ടായിരിക്കുമെന്ന് കുറോഷേ അറിയിച്ചിട്ടുണ്ട്.