ആലുവ: ആമസോണിൽ ആപ്പിൾ ഐഫോൺ ബുക്ക് ചെയ്തയാൾക്ക് സോപ്പു കട്ട ലഭിച്ച സംഭവത്തിൽ മുഴുവൻ തുകയായ 70,900 രൂപ തിരികെ ലഭിച്ചു.
റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ സൈബർ പോലീസ് സ്റ്റേഷൻ പ്രത്യേക ടീം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഒരാഴ്ചയ്ക്കുളളിൽ മുഴുവൻ തുക അക്കൗണ്ടിൽ എത്തിയത്.
തോട്ടുമുഖം സ്വദേശി നൂറൽ അമീൻ ആണ് ആമസോണിൽ ഐഫോൺ ബുക്ക് ചെയ്തത്.
ആമസോൺ കാർഡ് വഴി പണവും അടച്ചു. ഡെലിവറി ബോയികൊണ്ടുവന്ന പാഴ്സൽ പൊട്ടിച്ചു നോക്കിയപ്പോൾ യഥാർഥ ഫോൺ കവറിനകത്ത് ഒരു സോപ്പും അഞ്ച് രൂപാ നാണയവും മാത്രം.
ഡെലിവറി ബോയിയുടെ സാന്നിധ്യത്തിൽ പായ്ക്കറ്റ് തുറക്കുന്നത് വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ സഹിതമാണ് പോലീസിന് പരാതി നൽകിയത്.
വിറ്റുപോയ ഐ ഫോണിന്റെ പെട്ടി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. ഭാരം കൃത്യമാക്കാനാണ് സോപ്പിനൊപ്പം നാണയവും വച്ചത്.
സോപ്പുകട്ട വന്ന പെട്ടിയിൽ ഒരു ആപ്പിൾ ഫോണിന്റെ ഐഎംഇഐ നമ്പർ ഉണ്ടായിരുന്നു.
അതിൽനിന്ന് ഓർഡർ ചെയ്ത ഫോൺ ഒരു മാസം മുമ്പേ ജാർഖണ്ഡിൽ ഉപയോഗത്തിലുണ്ടെന്നു വ്യക്തമായി.
വിതരണ കമ്പനിയാണ് തട്ടിപ്പിന് പിന്നിലെന്നു തിരിച്ചറിഞ്ഞ പോലീസ് ഡീലറെ കണ്ടെത്തി.
തെളിവുകൾ ഹാജരാക്കിയപ്പോൾ ഡീലർ പണം തിരികെ നൽകാമെന്നു സമ്മതിച്ചു. കഴിഞ്ഞ ദിവസം നൂറുൽ അമീന്റെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുകയും ചെയ്തു.
പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്പി കെ. കാർത്തിക് പറഞ്ഞു.
ഓൺലൈൻ തട്ടിപ്പുകൾക്ക് വിധേയരായാൽ എത്രയും വേഗം ഡിജിറ്റൽ തെളിവുകൾ സഹിതം പോലീസിനെ അറിയിക്കണമെന്ന് എസ്പി പറഞ്ഞു.